ആരോഗ്യ സന്ദേശ സൈക്കിള്‍ റാലി നടത്തി
ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ സുരക്ഷക്ക് നല്ല വ്യായാമം, നല്ല ഭക്ഷണം എന്നിവയാണ് ഏറ്റവും ഉത്തമ ഔഷധമെന്ന സന്ദേശ പ്രചരണാര്‍ത്ഥം മലപ്പുറത്ത് സൈക്കിള്‍ പ്രചരണ റാലി നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും എന്‍.സി.ഡി.സി പ്രൊജക്ട് കണ്‍ട്രോളിന്റെയും , റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെയും , റോട്ടറി ക്ലബ് മലപ്പുറത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. .
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ലധികം സൈക്കിള്‍ അത്‌ലറ്റുകള്‍ പങ്കെടുത്ത റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുണ്ടുപറമ്പ്, ആനക്കയം, മഞ്ചേരി, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലൂടെ 36 കിലോമീറ്റര്‍ സഞ്ചരിച്ച് റാലി മലപ്പുറം കലക്ടറേറ്റില്‍ സമാപിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി.എം.ഒ ഡോ. കെ. സക്കീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. തമിഴ് സിനിമാ നടന്‍ നിബാസ് ബാബു മുഖ്യാതിഥിയായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, ഡെപ്യൂട്ടി ഡി എം ഒ. ഡോ. അഹമ്മദ് അഫ്‌സല്‍ ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിക്ടറി മെഡലും സമ്മാനിച്ചു.
- Log in to post comments