സംസ്ഥാന എക്സൈസ് കലാ കായിക മേള നവംബറില്‍ കോഴിക്കോട്ട്; ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന എക്സൈസ് കലാ കായിക മേള നവംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളില്‍ കോഴിക്കോട് ദേവഗിരി കോളെജില്‍ നടക്കും. തൊഴില്‍- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മേളയുടെ ലോഗോ, പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി. രാജീവ് നിര്‍വ്വഹിച്ചു. ജോയിന്റ് കമ്മീഷണര്‍ വി.ജെ മാത്യൂ, സംഘാടക സമിതി ചെയര്‍മാനും ഡെപ്യൂട്ടി കമ്മീഷണറുമായ വി.ആര് അനില്‍ കുമാര്‍, ജനറല്‍ കണ്‍വീനറും സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമായ കെ. രാമകൃഷ്ണന്, ഓഫീസേഴ്സ് അസോസിയേഷന് സ്റ്റേറ്റ് സെക്രട്ടറി വി.പി സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാ കായിക മേലയുടെ പ്രചാരണാര്‍ഥം നടക്കുന്ന ദീപശിഖാ പ്രയാണം കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോട്ടയത്തു നിന്ന് നവംബര്‍ ഏഴിന് ആരംഭിച്ച് എട്ടിന് കോഴിക്കോട്ട് സമാപിക്കും.
എല്ലാവര്ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ
സര്‍ക്കാര്‍ ലക്ഷ്യം - മന്ത്രി ടി. പി രാമകൃഷ്ണന്
എല്ലാ വിഭാഗം ജനങ്ങള്‍ക്കും പരമാവധി കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ താലോലം 2019 മൂന്നാം കുടുംബസംഗമവും വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ നാലാം വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുജനാരോഗ്യ മേഖല കൈവരിച്ച പുരോഗതി കേരളത്തെ രാജ്യത്ത് ഏറ്റവും മുന്നിലെത്തിച്ചിരിക്കുകയാണ്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങി എല്ലാ ചികിത്സാശാഖകളും ശക്തിപ്പെടുത്തുന്നതിലൂടെ ആരോഗ്യപരിപാലനരംഗത്തെ എല്ലാ വെല്ലുവിളികളും മറികടക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുവെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ വന്ധ്യതാ നിവാരണ ചികിത്സയിലൂടെ നാലു വര്‍ഷം കൊണ്ട് 136 ദമ്പതികള്‍ക്കാണ് കുട്ടികളുണ്ടായത്. ഇത് ഏറെ പ്രശംസനീയമാണ്. സ്വകാര്യ വന്ധ്യതാ ചികിത്സാ മേഖലയില്‍ വലിയ ചൂഷണമാണ് നടക്കുന്നത്. ചികിത്സക്ക് വിധേയരാകുന്നവര്‍ ഭാരിച്ച ചെലവ് താങ്ങേണ്ടിവരുന്നു. ചികിത്സ വ്യവസായമായി മാറുന്ന സാഹചര്യത്തില്‍ ചെലവു കുറഞ്ഞതും നല്ല ഫലം ഉണ്ടാക്കുന്നതുമായ ഹോമിയോ ചികിത്സയുടെ പ്രസക്തി ഏറുകയാണ്. ചൂഷണങ്ങളില്‍ നിന്ന് മോചനം നല്കാന് ഹോമിയോ മെഡിക്കല്‍ കോളേജിന്റെ ഈ ചികിത്സാ പദ്ധതി ഏറെ സഹായകരമാകും. ചികിത്സാ സംവിധാനം വിപുലപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ക്ക് എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഹോമിയോപതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ. സി ശോഭിത, പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുല്‍ ഹമീദ്.പി, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഗീത ജോസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ.എല്‍ ബാബു, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം തലവന്‍ ഡോ. കെ ബെറ്റി, സര്‍ജറി വിഭാഗം തലവന്‍ ഡോ. ടി.പി സുഗതന്, ആര്.എം.ഒ ഡോ ഡി. എസ് അജിത് കുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധി സി പ്രേം രാജ്, കോളേജ് യൂണിയന് ചെയര്മാന് കെ വിഘ്നേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്ധ്യതാ നിവാരണ പദ്ധതിയായ താലോലം വഴി ജനിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങില്‍ മന്ത്രി ഉപഹാരം നല്കി ആദരിച്ചു.
അദാലത്ത് സംഘടിപ്പിക്കും
ബാങ്ക്/ ഡി.പി.ഒ മുഖേന ഡിഫന്‍സ് പെന്ഷന്/ ഫാമിലി പെന്ഷന് ലഭിച്ചു കൊണ്ടിരിക്കുന്ന വിമുക്തഭടന്മാര്ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. ചെന്നൈയിലുള്ള കണ്ട്രോളര് ഓഫ് ഡിഫെന്‍സ് അക്കൗണ്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലുള്ള പ്രിന്‍സ് കണ്വെന്ഷന് സെന്ററില്‍ ഈ മാസം 31നും നവംബര്‍ ഒന്നിനും രാവിലെ 10 മുതല്‍ അഞ്ച് മണി വരെയാണ് അദാലത്ത്. അദാലത്തില്‍ സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2764070.
റവന്യൂ ജില്ലാ കലാമേള; സംഘാടക സമിതി രൂപീകരണം 29 ന്
കോഴിക്കോട് റവന്യൂ ജില്ലാ കലാമേള നവംബര്‍ 15, 19, 20, 21, 22 തിയ്യതികളില്‍ നടക്കും. മേളയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം ഒക്ടോബര്‍ 29 ന് ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് ബി.ഇ.എം ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും.
ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വിവിധ മത്സരങ്ങള്‍ നടത്തുന്നു
കേരളപിറവിയുടെ ഭാഗമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംശദായം അടയ്ക്കുന്ന (ഇന്‍ഡസ്ട്രീസ്, ബാങ്കുകള്‍, കോ-ഓപ്പറെറ്റിവ് സൊസൈറ്റികള്‍, പ്ലാന്റെഷനുകള്‍, കെഎസ്ആര്‍ടിസി, പ്രസ്, തുടങ്ങിയവ) തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരിയും ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി 'ആധുനിക ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരവും ആണ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഒക്ടോബര്‍ 29 ന് രാവിലെ 11 മണിക്കകം കോഴിക്കോട് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04952372480.
ആയുര്‍വേദ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 28 ന്
ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിനവും വാരാചരണവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭാരതീയ ചികിത്സ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28 ന് രാവിലെ 10.30 മുതല്‍ ക്യാമ്പ് ആരംഭിക്കും. സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ നേത്രം, മാനസികം, കൗമാരം, കായ ചികിത്സ(ജനറല്‍ മെഡിസിന്) എന്നിവയില്‍ വിദഗ്ദ സേവനവും ലഭിക്കും. മരുന്ന വിതരണം ക്യാമ്പിനൊപ്പം നടക്കും.
തദ്ദേശകം- 2020: തുക സ്വീകരിക്കും
പഞ്ചായത്ത് വകുപ്പ് പുറത്തിറക്കുന്ന ഗൈഡ് - തദ്ദേശകം 2020 ന് 250 രൂപ വില നിശ്ചയിച്ചു. തുക മുന്‍കൂറായി അടക്കുന്ന പൊതുജനങ്ങള്‍ക്കും ഗൈഡ് വിതരണം ചെയ്യും. താല്പര്യമുള്ളവര്ക്ക് നവംബര്‍ 10നകം കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് അടക്കാമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495-2371799.
- Log in to post comments