Skip to main content
നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി  ഓപ്പറേറ്റിംഗ് സെന്ററിനായുള്ള വസ്തുവിന്റെ പ്രമാണം വൈദ്യുതി മന്ത്രി എം.എം മണി കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി സുകുമാരന് കൈമാറുന്നു

നെടുങ്കണ്ടം കെ.എസ് ആര്‍ ടി സി പ്രവര്‍ത്തന കേന്ദ്രം യാഥാര്‍ഥ്യത്തിലേക്ക് വസ്തു പ്രമാണം കൈമാറി

മലയോര നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് പ്രാഥമിക അംഗീകാരമെന്ന നിലയില്‍ നെടുങ്കണ്ടം കെഎസ്.ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിന് ഭൂമി ലഭ്യമായി. നെടുങ്കണ്ടം പഞ്ചായത്ത് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമിയുടെ പ്രമാണം വൈദ്യുതി മന്ത്രി എം എം മണി ഇന്നലെ കെ.എസ്.ആര്‍.ടിസി എക്‌സി. ഡയറക്ടര്‍ എം.പി. സുകുമാരന് കൈമാറി.  പൂപ്പാറ റോഡില്‍ 1.66 ഏക്കര്‍ സ്ഥലമാണ് കെ.എസ് ആര്‍ ടി സിക്ക് ലഭിച്ചിരിക്കുന്നത്. പുതിയ ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി  50 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതായി മന്ത്രി എം എം മണി പ്രഖ്യാപിച്ചു. തുക ഈ വര്‍ഷം തന്നെ അനുവദിക്കും.  കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പൊതു സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയില്‍ ഡിപ്പോ എന്നതായിരിക്കണം ലക്ഷ്യം.
ജനങ്ങളുടെ വളരെ നാളത്തെ ആവശ്യത്തിന്റെ ഫലപൂര്‍ത്തീകരണത്തിന്റെ തുടക്കമാണിതെന്ന് കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗീസ് പറഞ്ഞു.  20 ബസ് സര്‍വീസുകള്‍ ഇപ്പോള്‍ നെടുങ്കണ്ടത്ത് നിന്നുണ്ട്. മെഡിക്കല്‍ കോളജ്, എറണാകുളം ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് നാലു സര്‍വീസുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ഡിപ്പോയായി ഉയരണമെങ്കില്‍ 50 ബസ് സര്‍വീസുകള്‍ ആവശ്യമാണ്.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള വിശ്വം ഭ രന്‍ , കെ എസ് ആര്‍ ടി സി മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം ശ്രീമന്ദിരം ശശികുമാര്‍ , നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ കെ ഗോപിനാഥന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. സദാശിവന്‍, ടി എം  ജോണ്‍., അനില്‍ കട്ടുപ്പാറ, ജോയി അമ്പാട്ട്, സനല്‍കുമാര്‍ മംഗലശേരി, എം എസ്. ഷാജി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ ജയകുമാര്‍, വനം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.എന്‍ വിജയന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date