Skip to main content

മകൾക്ക് പഠിയ്ക്കണം: മുഹമ്മദ് ഹനീഫയ്ക്ക് 'ഹോപ്പ്' തുണയാകുന്നു

ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും വീൽചെയറിലിരുന്ന് ചെന്ത്രാപ്പിന്നി പള്ളായിപീടികയിൽ മുഹമ്മദ് ഹനീഫ ഇന്നലെ (തിങ്കൾ) കളക്ടറേറ്റിൽ എത്തിയത് തന്റെ മകൾക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം വീണ്ടെടുക്കാനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് മകൾ ഷഫ്‌നയ്ക്ക് ഒൻപതാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടി വന്നതിനാൽ മകളെ എങ്ങനെ പഠിപ്പിക്കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മുഹമ്മദ് ഹനീഫക്കു മുന്നിൽ പഠനം പാതിവഴിയിൽ നിർത്തിയ കുട്ടികൾക്ക് തുടർ പഠനത്തിന് അവസരം നൽകുന്ന പദ്ധതിയായ ഹോപ്പ് വഴിതുറന്നത്. ഹോപ്പ് തൃശൂരിൽ ആരംഭിക്കുന്നുണ്ടെന്നും അതിലൂടെ മകൾക്ക് നഷ്ടപ്പെട്ട പഠന സാഹചര്യം വീണ്ടെടുക്കാനാവുമെന്നും കൊടുങ്ങല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്നാണ് ദിവസങ്ങൾക്കു മുൻപ് അറിയിപ്പു ലഭിച്ചത്. തുടർന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ബോധവത്ക്കരണ പരിപാടിയിൽ ഭാര്യ റംലയ്ക്കും മകൾക്കുമൊപ്പമാണ് ഹനീഫയെത്തിയത്. വീൽ ചെയറിൽ വളരെ പ്രയാസപ്പെട്ട് കളക്ടറേറ്റിന്റെ പടികൾ കയറിയ ഹനീഫ തുടർ പഠനത്തിന് മകളുടെ പേര് ഹോപ്പിൽ രജിസ്ട്രർ ചെയ്താണ് മടങ്ങിയത്. നവംബറിൽ ഇരിങ്ങാലക്കുടയിലാണ് മകൾക്ക് ക്ലാസ് ആരംഭിക്കുക.
പത്താം വയസ്സിൽ കൈകാലുകൾ തളർന്ന ഹനീഫ അലങ്കാര ബൾബുകൾ ഉണ്ടാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരാധീനത ഹനീഫയ്ക്ക് പലപ്പോഴും തടസ്സമായി. ഇതുമൂലം മകൻ മുഹമ്മദ് റഹീമിന് പ്ലസ്ടു വരെയേ പഠിക്കാനായുള്ളൂ. മകളെ പത്താംക്ലാസിൽ നല്ല മാർക്കോടെ ജയിപ്പിക്കണമെന്നാണ് ഈ പിതാവിന്റെ ഇനിയുള്ള ആഗ്രഹം. അതിന് തൃശൂർ റൂറൽ പോലീസ്, ജില്ലാഭരണകൂടം, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ഒത്തുചേർന്ന് യൂണിസെഫിന്റേയും സംസ്ഥാന സർക്കാരിന്റേയും സഹായത്തോടെയാണ് ഹോപ്പ് (ഹെൽപിങ് അതേർസ് ടു പ്രൊമോട്ട് എജുക്കേഷൻ) പദ്ധതി താങ്ങാവുമെന്നാണ് മുഹമ്മദ് ഹനീഫയുടെയും കുടുംബത്തിന്റെയും വിശ്വാസം.

date