ഉപ്പുവെള്ളത്തെ പ്രതിരോധിക്കാന്‍ കുറ്റിക്കകം ബണ്ട്; പ്രവൃത്തി തുടങ്ങി
നടാല്‍ മുതല്‍ ചാല വരെയുള്ള പ്രദേശവാസികളുടെ ചിരകാല ആവശ്യമായ കുറ്റിക്കകം ഉപ്പ് വെള്ള പ്രതിരോധ ബണ്ട് പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി. അയ്യാറകത്ത് പാലം പരിസരത്ത് നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നടാല്‍ തോടിന് ഇരുവവശവുമുള്ള നിരവധി കുടുംബങ്ങള്‍ നേരിടുന്ന ഉപ്പുവെള്ള പ്രശ്‌നത്തിന് ബണ്ട് പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ശാശ്വത പരിഹാരമാവുമെന്ന് മന്ത്രി പറഞ്ഞു.
വേലിയേറ്റ വേളയില്‍ ഉപ്പുവെള്ളം കയറുന്നത് കാരണം പ്രദേശങ്ങളിലെ കിണറുകള്‍ ഉപയോഗശൂന്യമാവുകയും കൃഷി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ കോര്‍പറേഷനു പുറമെ, മുഴപ്പിലങ്ങാട്, ചെമ്പിലോട് പഞ്ചായത്തുകളിലെയും നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഇതിന്റെ കെടുതികള്‍ അനുഭവിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായ ഉപ്പുവെള്ള പ്രതിരോധ ബണ്ട് പുനരുദ്ധരിക്കാന്‍ തീരുമാനമെടുത്തത്. ഒരു വര്‍ഷമാണ് കരാര്‍ കാലാവധിയെങ്കിലും എത്രയും വേഗം ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ചെലവഴിച്ചാണ് ബണ്ട് പുനരുദ്ധാരണം നടത്തുന്നത്. നിലവിലുള്ള തകര്‍ന്ന തൂണുകള്‍, നടപ്പാത എന്നിവയുടെ നിര്‍മാണം, ഉപ്പുവെള്ളം തടയുന്നതിനുള്ള ഷട്ടറുകള്‍ സ്ഥാപിക്കല്‍, 60 മീറ്റര്‍ നീളത്തില്‍ തോടിന് കോണ്‍ക്രീറ്റ് ഭിത്തി കെട്ടല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കുക.
ചടങ്ങില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം പി ഹാബിസ്, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി സുരേഷ് ബാബു, ജനപ്രതിനിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/3802/2019
- Log in to post comments