Skip to main content

പ്രസാധനസ്വാശ്രയത്വം ലക്ഷ്യമിട്ട് മീഡിയ അക്കാദമി ഉച്ചകോടി സംഘടിപ്പിക്കും

*അക്കാദമി ഇന്റർനെറ്റ് റേഡിയോയും പോർട്ടലും തുടങ്ങുന്നു
മലയാളം പത്ര-പുസ്തക പ്രസാധനരംഗത്ത് സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ സാധ്യതകൾ വികസിപ്പിച്ച് പ്രസാധനം ചെലവുകുറഞ്ഞതും സുഗമമാക്കാനുള്ള കർമപരിപാടിക്കു രൂപം നൽകാൻ കേരള മീഡിയ അക്കാദമി പ്രസാധനസ്വാശ്രയത്വ ഉച്ചകോടി സംഘടിപ്പിക്കും. ഒക്‌ടോബർ 31, നവംബർ ഒന്ന് തീയതികളിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് ഉച്ചകോടി.
സ്വതന്ത്ര ഡിസൈൻ സോഫ്റ്റ്‌വെയറായ സ്‌ക്രൈബസ് അറബിഭാഷയ്ക്കും ഇൻഡ്യൻ ഭാഷകൾക്കും ഉപയോഗപ്പെടുമാറ് വികസിപ്പിക്കാൻ നേതൃത്വം കൊടുത്ത ഒമാൻ വിദഗ്ധൻ ഫഹദ് അൽ സെയ്ദി ഉച്ചകോടി ഒക്‌ടോബർ 31 രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമിയുടെ സ്വതന്ത്രസോഫ്റ്റ്‌വെയർ ഉദ്യമങ്ങളുടെ ഉദ്ഘാടനം അന്ന് വൈകുന്നേരം ധനമന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്കും നവംബർ ഒന്ന് ഉച്ചയ്ക്ക് 12.30ന് ചേരുന്ന സമാപനസമ്മേളനം തുറമുഖ-ആർക്കൈവ്‌സ്-മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, തോമസ് ജേക്കബ്, എം.വി.ശ്രേയാംസ്‌കുമാർ, പി.രാജീവ്, ദീപു രവി, രാജാജി മാത്യു തോമസ്, വെങ്കിടേശ് രാമകൃഷ്ണൻ, പിആർഡി സെക്രട്ടറി പി.വേണുഗോപാൽ, പിആർഡി ഡയറക്ടർ യു.വി.ജോസ്, ഡോ.പി.കെ. രാജശേഖരൻ, ജോൺ മുണ്ടക്കയം, എസ്.ബിജു, സി.നാരായണൻ, സുരേഷ് വെള്ളിമംഗലം, വി.എസ്.രാജേഷ് തുടങ്ങിയവർ പ്രധാന സമ്മേളനങ്ങളിൽ പങ്കെടുക്കും.
ഡോ.ബി.ഇക്ബാൽ, ഡോ.എം.ആർ.ബൈജു, പ്രൊഫ.വി.കാർത്തികേയൻ നായർ, മനോജ് പുതിയവിള, പ്രൊഫ.ദീപ പി.ഗോപിനാഥ്, ഡോ.എൻ.പി.ചന്ദ്രശേഖരൻ, ഡോ.എസ്.കുഞ്ഞമ്മ, ഡോ.സീമ ജെറോം, എം.അരുൺ തുടങ്ങിയവർ അധ്യക്ഷത വഹിക്കുന്ന സാങ്കേതിക സെഷനുകളിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ വിദഗ്ധർ പ്രസാധനരംഗത്തെ അതിന്റെ സാധ്യതകൾ അവതരിപ്പിക്കുകയും സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്യും. ഈ മേഖലയുടെ എല്ലാ ഗുണഭോക്താക്കളുടെയും കൂട്ടായ പരിശ്രമത്തിനു കേരള മീഡിയ അക്കാദമി മുൻകൈ എടുക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളികളെ ആഗോളമായി ഒന്നിപ്പിക്കാൻ റേഡിയോ കേരള എന്ന ഇന്റർനെറ്റ് റേഡിയോയും കേരള മീഡിയ അക്കാദമി ആരംഭിച്ചു.  ഇപ്പോഴത്തെ പരീക്ഷണ പ്രക്ഷേപണ കാലത്ത് 110 ൽ അധികം രാജ്യങ്ങളിലെ മലയാളികളിലേക്ക് ഈ ഓൺലൈൻ റേഡിയോ എത്തിയെന്ന് ചെയർമാൻ പറഞ്ഞു.  വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും വിനോദവും ഒരുമിക്കുന്ന ഒരു സമ്പൂർണ മലയാളം റേഡിയോയാണ് ലക്ഷ്യമിടുന്നത്.  ലോകമലയാളികളെ ഒരു പ്ലാറ്റ്‌ഫോമിൽ ഏകീകരിക്കാൻ റേഡിയോ കേരള ഉപകരിക്കും.  ഈ റേഡിയോയിൽ സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായി ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടികളുടെ അഭിരുചിക്കിണങ്ങുന്ന പ്രത്യേക പരിപാടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതു പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.  
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശബ്ദമരം എന്ന വിശ്രമ റേഡിയോ പ്രക്ഷേപണ മരം സ്ഥാപിക്കും.  ക്യാമ്പസ് റേഡിയോ ആവശ്യമുള്ളവരിലേക്ക് റേഡിയോ കേരള കടന്നുചെല്ലും.  24 മണിക്കൂർ ഇടതടവില്ലാതെ പ്രക്ഷേപണത്തിനൊരുങ്ങുന്ന റേഡിയോ അക്കാദമിയുടെ സ്വന്തം സ്റ്റുഡിയോയിൽ നിന്ന് തന്നെ അപ്‌ലിങ്ക് ചെയ്യാനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിവരികയാണ്.  പ്രശസ്ത റേഡിയോ ജേർണലിസ്റ്റ് ബാലകൃഷ്ണൻ പെരിയയാണ് റേഡിയോ കേരളയുടെ കൺസൾട്ടന്റ്.
റേഡിയോ കേരളയുടെ ഉദ്ഘാടനം ഡിസംബറിൽ നടക്കും.  വിദ്യാർഥികളുടെ സർഗാത്മക രചനകൾ പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനായി  https://www.newspages.in എന്ന ആനുകാലിക പോർട്ടലിനും മീഡിയ അക്കാദമി തുടക്കംകുറിച്ചു.  മീഡിയ അക്കാദമിയുടെ ശാസ്തമംഗലത്തെ സബ്‌സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു.  അക്കാദമിയിൽ സ്ഥാപിച്ച എഡിറ്റ് സ്യൂട്ടിന്റെയും ഓഡിയോ ബൂത്തിന്റെയും ഉദ്ഘാടനം ഷാജി എൻ. കരുൺ നിർവഹിച്ചു.
പി.എൻ.എക്‌സ്.3854/19

date