മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 58 കേസുകൾ പരിഗണിച്ചു
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ തൃശ്ശൂർ, പാലക്കാട് ജില്ലാതല സിറ്റിംഗിൽ മൊത്തം 58 കേസുകൾ കടാശ്വാസത്തിന് പരിഗണിച്ചു. കമ്മീഷൻ ചെയർമാൻ ബഹു. ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ/ജോയിന്റ് ഡയറക്ടർ ഓഫീസുകളിൽ നിന്നും ഫിഷറീസ് വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.
ചാവക്കാട് ഫർക്ക സർവ്വീസ് സഹകരണ ബാങ്ക്, പെരിഞ്ഞനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കയ്പമംഗലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത 13 മത്സ്യത്തൊഴിലാളികളുടെ വായ്പക്ക് കടാശ്വാസമായി 4,61,887 രൂപ അനുവദിക്കുന്നതിന് സർക്കാരിന് ശിപാർശ ചെയ്തു.
പടിഞ്ഞാറെ വെമ്പല്ലൂർ-പെരിഞ്ഞനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക്, കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്ക്, എടവിലങ്ങ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, പെരിഞ്ഞനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവിടങ്ങളിൽ നിന്നും വായ്പയെടുത്ത 30 വായ്പകൾ കാലഹരണപ്പെട്ടതായി പ്രഥമദൃഷ്ട്യാ കമ്മീഷൻ കണ്ടെത്തി. കാലഹരണപ്പെട്ട വായ്പയിൽ വായ്പക്കാരന് നിയമ പ്രകാരം ബാദ്ധ്യതയില്ല. നിയമ പ്രകാരം ബാദ്ധ്യതയില്ലാത്തതിനാൽ കടാശ്വാസം അനുവദിക്കാവുന്നതുമല്ല. കാലഹരണപ്പെട്ട വായ്പയായി കണ്ട് വായ്പ തീർപ്പാക്കാൻ നിർദ്ദേശിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ സംഘങ്ങൾക്ക് ഒരവസരം കൂടി നല്കാൻ കമ്മീഷൻ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ച് ഉത്തരവായി.
കയ്പമംഗലം ഫിഷർമെൻ സർവ്വീസ് ബാങ്കിന് കടാശ്വാസമായി അനുവദിച്ച തുക ലഭിക്കാതെ പോയത് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ സഹകരണ സംഘം ജോയിന്റ് ഡയറക്ടറോടും ഫിഷറീസ് ഡെപ്യുട്ടി രജിസ്ട്രാറോടും നിർദ്ദേശിച്ചു.
യൂക്കോ ബാങ്കിന്റെ മുനമ്പം ശാഖയിൽ നിന്നും 4 ലക്ഷം രൂപയുടെ വായ്പയെടുത്ത മത്സ്യത്തൊഴിലാളി ബാങ്കിന് വിട്ട്‌വീഴ്ച ചെയ്യാവുന്ന തുക റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ട് അടുത്ത സിറ്റിംഗിൽ അറിയിക്കാമെന്ന നിർദ്ദേശത്തിന് വിരുദ്ധമായി നിന്നും കൂടുതൽ തുക ഈടാക്കുന്നതിന് സ്വീകരിച്ച ബാങ്ക് നടപടിയിൽ കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ എം.ആർ. പ്രഷീദ് കുമാർ എം.ആർ, അസിസ്റ്റന്റ് രജിസ്ട്രാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ കെ.വി. സുഗന്ധകുമാരി, ഫിഷറീസ് ഇൻസ്‌പെക്ടർ ദീപ എം എന്നീ ഉദ്യോഗസ്ഥരും വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാൽകൃത ബാങ്കുകളുടെയും പ്രതിനിധികളും, പരാതി സമർപ്പിച്ച അപേക്ഷകരും പങ്കെടുത്തു.
- Log in to post comments