ഭാഷയ്ക്ക് സംഭാവന നൽകിയവരെ ഇന്ന് (നവംബർ ഒന്ന് )ജില്ല ഭരണകൂടം ആദരിക്കുന്നു
ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാള ദിനാഘോഷ ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ വിവിധ മേഖലകളിൽ മലയാള ഭാഷയ്ക്ക് സംഭാവനകൾ നൽകിയവരെ ആദരിക്കുന്നു. മലയാള ഭാഷയ്ക്കും ദൃശ്യകലാരംഗത്തിനും നൽകിയ സംഭാവനകളെ മുൻ നിർത്തി സ്റ്റാൻലി ജോസ്, മലയാള ഭാഷയ്ക്കും സിനിമ മേഖലയ്ക്കും നൽകിയ സംഭാവനകളെ മുൻ നിർത്തി ആലപ്പി അഷ്‌റഫ്, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ മുൻ നിർത്തി വി.രാധാകൃഷ്ണൻ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുക.
കളക്‌ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ രാവിലെ 10.30ന് ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങിൽ ജില്ലാതല ഉദ്ഘാടനം സാംസ്‌കാരിക പ്രവർത്തകൻ ചുനക്കര ജനാർദ്ദനൻ നായരും സാഹിത്യകാരി കണിമോളും ചേർന്ന് നിർവഹിക്കും. ഭരണഭാഷാ പ്രതിജ്ഞ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം.വി.സുരേഷ് കുമാർ നിർവഹിക്കും. നഗരസഭാംഗം എ.എം.നൗഫൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, മാലൂർ ശ്രീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എന്നിവർ സംസാരിക്കും. ജീവനക്കാർ ഭരണ ഭാഷാ പ്രതിജ്ഞ എടുക്കും.
ഭരണഭാഷ പ്രതിജ്ഞ
മലയാളം എൻറെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാൻ ആദരിക്കുന്നു. ഭരണനിർവഹണത്തിൽ മലയാളത്തിൻറെ ഉപയോഗം സാർവ്വത്രികമാക്കുന്നതിന് എൻറെ കഴിവുകൾ ഞാൻ വിനിയോഗിക്കും.
- Log in to post comments