Skip to main content

മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം - മന്ത്രി കെ കൃഷ്ണൻകുട്ടി

 

കൃഷി വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴിയിൽ ജലസേചന വകുപ്പ് നിർമ്മിച്ച ലിഫ്റ്റ് ഇറിഗേഷൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജലസേചന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.

കേരളത്തിൽ 23 ലക്ഷം ഹെക്ടർ കൃഷിയുണ്ടെങ്കിലും ഏകദേശം 2 ലക്ഷം ഹെക്ടർ കൃഷിയിൽ മാത്രമേ നനയ്ക്കുന്നുള്ളൂ. കേരളത്തിൽ തെങ്ങും കുരുമുളകും മറ്റും നനക്കുന്ന പതിവ് ഇല്ല. നനക്കാതെ 60 തേങ്ങ കിട്ടുന്ന തെങ്ങില്‍ നിന്ന് നനച്ചാല്‍ 150 മുതൽ 200 വരെ  തേങ്ങ കിട്ടും. നനയില്ലെങ്കില്‍ രണ്ട് കിലോ കിട്ടുന്ന കുരുമുളക് നനച്ചാല്‍ ആറ് കിലോ കിട്ടും. എന്നാൽ ഇക്കാര്യം നമ്മൾ ശ്രദ്ധിക്കുന്നില്ല. കൃഷിയില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ഇതു വഴി ഉത്പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകും. അശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ മേഖലയില്‍ നമുക്ക് വലിയ പുരോഗതി കൈവരിക്കാനാകാത്തതെന്ന് മന്ത്രി പറഞ്ഞു.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു ഇതിന് 30 ശതമാനം കേന്ദ്ര സർക്കാർ സഹായം ലഭ്യമാകും. കുന്നമംഗലം നിയോജക മണ്ഡലത്തിലെ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകൾ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ നിലവിൽ കൂളിമാട് പമ്പിങ് സ്റ്റേഷനിൽനിന്നും ജലം അനുവദിച്ച് നൽകുന്നതിന് വാട്ടർ അതോറിറ്റി, ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പ്രശ്നം സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി ചടങ്ങിൽ അറിയിച്ചു.

പുൽപറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴി, ചൂലൂർ പ്രദേശങ്ങളിലെ 96 ഹെക്ടറോളം വരുന്ന വയൽ പ്രദേശം അടക്കം 127.12 ഹെക്ടർ കൃഷിഭൂമിയിലെ കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിന്   2.03 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ നായർകുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ സാധിക്കും. പദ്ധതി പൂർത്തിയായതോടെ വേനൽക്കാലങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്ന ഈ പ്രദേശത്തെ കർഷകരുടെ ബുദ്ധിമുട്ടുകൾക്കുള്ള ശാശ്വത പരിഹാരമായി. വെള്ളപ്പൊക്ക സമയത്ത് മോട്ടോറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി 5.3 മീറ്റർ ഉയരത്തിൽ ആർസിസി ലാബുകളും പമ്പ് ഹൗസിനകത്ത് പണിതിട്ടുണ്ട്.

 മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ,  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.ടി ചന്ദ്രൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഷീജ വലിയതൊടികയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി സുകുമാരൻ, എം.പി കമല, ലിനി ചോലക്കൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി രാജീവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാജി ചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മൈനർ ഇറിഗേഷൻ സൂപ്രണ്ടിഗ് എഞ്ചിനീയർ കെ.പി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

date