തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും പയ്യോളിയിൽ
പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും(നവംബർ 2,3) നാളെയുമായി പയ്യോളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിക്കും. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തിലെയും ഏഴ് നഗരസഭയിലെയും കോർപ്പറേഷനിലെയും 4, 7 തരം തുല്യതാ പഠിതാക്കൾ, പത്താംതരം, പന്ത്രണ്ടാം തരം തുല്യതാ പഠിതാക്കൾ, പ്രേരക്മാർ എന്നിവർ കലാ മത്സരത്തിൽ മാറ്റുരയ്ക്കും.
മൂന്നിന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് അഞ്ചുമണിക്ക് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പയ്യോളി നഗരസഭ ചെയർപേഴ്സൺ വി. ടി ഉഷ സമ്മാനദാനം നിർവഹിക്കും.ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സാക്ഷരതാ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കം
നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഗെയിംസ് , ഷട്ടിൽ മത്സരങ്ങൾ ഇന്ന് (നവംബർ 2) രാവിലെ 7 മണിക്കും വോളിബോൾ മത്സരങ്ങൾ ഉച്ചക്ക് 1 മണിക്കും നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ഫുട്ബോൾ മത്സരം നവംബർ 3 നും ക്രിക്കറ്റ് ടൂർണ്ണമെൻറ് നവംബർ 5ന് രാവിലെ 8 മണിക്കും ചേലക്കാട് മിനി സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്ക് നവംബർ 10 ന് കല്ലാച്ചി ഗവ: ഹൈസ്ക്കൂൾ ഗ്രൗണ്ടിലും 9 ന് രാവിലെ 9 മണി മുതൽ രചനാ മത്സരങ്ങൾക്ക് പഞ്ചായത്ത് ഹാളിലും വേദി ഒരുക്കും.
17-ന് രാവിലെ 9 മണി മുതൽ കലാമത്സരങ്ങൾ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറ ചെയർമാനും പഞ്ചായത്ത് സെക്രട്ടറി എൻ ശൈലേന്ദ്രൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ടി.കണാരൻ ചെയർമാനും കരിമ്പിൽ ദിവാകരൻ കൺവീനറുമായി കായികമേള കമ്മിറ്റിയും കെ.ടി.കെ.ചന്ദ്രൻ ചെയർമാനും ടി.രവീന്ദ്രൻ മാസ്റ്റർ കൺവീനറുമായി കലാമേളാ കമ്മിറ്റിയും രൂപീകരിച്ചു.
ലിഫ്റ്റ് ഇറിഗേഷൻ ഉദ്ഘാടനം 3ന് മന്ത്രി നിർവ്വഹിക്കും
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർ കുഴിയിൽ ജലസേചന വകുപ്പ് നിർമ്മിച്ച ലിഫ്റ്റ് ഇറിഗേഷന്റെ ഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജോർജ്ജ് എം തോമസ് എം എൽ എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി വിശിഷ്ടാതിഥിയായിരിക്കും.
- Log in to post comments