Skip to main content

മാലിന്യമുക്തമാകാൻ കൊടുങ്ങല്ലൂർ നഗരസഭ

പൂർണമായും മാലിന്യമുക്തമാകാൻ തയ്യാറെടുത്ത് കൊടുങ്ങല്ലൂർ നഗരസഭ. നവംബർ 11 തിങ്കളാഴ്ചയോടെ നഗരത്തിലെ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭയിലെ പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും ബൈപ്പാസിലും പ്ലാസ്റ്റിക്ക് ബാഗുകളിലും ചാക്കുകളിലുമായി വലിച്ചെറിഞ്ഞ് കുന്നുകൂടിക്കിടക്കുന്ന മാലിന്യം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കിത്തുടങ്ങി. നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 38 നഗരസഭ തൊഴിലാളികളാണ് മാലിന്യമെടുത്ത് പുതിയ ചാക്കുകളിലാക്കി നീക്കം ചെയ്യുന്നത്. ബൈപ്പാസിൽ പടാകുളം ജംഗ്ഷനു തെക്കുഭാഗം, പണിക്കേഴ്‌സ് ഹാളിന് പടിഞ്ഞാറ് ഭാഗം, ടി.കെ.എസ് പുരം പടിഞ്ഞാറു ഭാഗം, സർവ്വീസ് റോഡുകൾ എന്നിവിടങ്ങളിലായി കുന്നുകൂടി കിടക്കുന്ന മാലിന്യം നിറഞ്ഞ ചാക്ക് കെട്ടുകളും മറ്റുമാണ് നീക്കം ചെയ്യുന്നത്. രണ്ടാം ശനിയാഴ്ചയായ നവംബർ 9 അവധി ദിനമാണെങ്കിലും അന്നേ ദിവസം കൂടി ജോലി ചെയ്ത് പണി പൂർത്തീകരിക്കുമെന്ന് തൊഴിലാളികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മാലിന്യമുക്തയായതിന് ശേഷം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളാണ് നഗരസഭ സ്വീകരിക്കുക. കർശനമായ നിരീക്ഷണം നടത്തി മാലിന്യം വലിച്ചെറിയുന്നത് നിർത്തലാക്കും. ഹോട്ടലുകളിലെ പഴകിയ ഭക്ഷ്യവസ്തുക്കളും കോഴി മാലിന്യവും മുതൽ പഴയവീട്ടുപകരണങ്ങൾ വരെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഒരു കൊല്ലമായി ജൈവ മാലിന്യമൊഴികെയുള്ള മാലിന്യങ്ങൾ വീടുകളിൽ നിന്ന് നഗരസഭ ശേഖരിക്കുന്നുണ്ട്. രണ്ട് മാസമായി വീടുകളിൽ നിന്ന് പ്ലാസ്റ്റിക് കിറ്റുകളും ശേഖരിക്കുന്നുണ്ട്. ഇവയെല്ലാം ശുചിത്വ മിഷന്റെ ഏജൻസിക്കാണ് കൈമാരുന്നതെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു.
 

date