കുന്നംകുളം നഗരസഭയിൽ കിണർ റീചാർജിങ് ആരംഭിച്ചു; ലക്ഷ്യം 3700 കിണറുകൾ
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം നഗരസഭ പ്രഖ്യാപിച്ച കിണർ റീചാർജിങ് പദ്ധതി പുരോഗമിക്കുന്നു. 37 വാർഡുകളിൽ 100 കിണർ വീതം 3700 കിണറുകൾ റീചാർജ് ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതു പ്രകാരം ലഭിച്ച അപേക്ഷകളിലാണ് ഇപ്പോൾ കിണർ റീച്ചാർജ് നടക്കുന്നത്. ഏതാണ്ട് 100 ൽ അധികം കിണറുകൾ ഇതേ വരെ റീച്ചാർജ്ജ് ചെയ്തിട്ടുണ്ട്.
മഴവെള്ളം വീടിന്റെ മേൽക്കൂരയിൽ പെയ്തിറങ്ങുന്ന വെള്ളം പൂർണമായും കിണറിലേക്ക് ഇറക്കാൻ കഴിയുന്ന രീതിയിലുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് 8000 രൂപ വരെ നഗരസഭ വിഹിതമായി നൽകുന്നുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരവും ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
നഗരസഭയിൽ നിന്നുള്ള ഉദ്യോഗസ്ഥർ വീടുകളിൽ പരിശോധിച്ചതിന് ശേഷം തൊഴിൽ കാർഡ് നൽകിയാണ് പ്രവൃത്തികൾ നടത്തുന്നത്. കിണർ റീചാർജ് ചെയ്ത് പരിചയമുള്ള ഏഴ് സംഘങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രവൃത്തികൾക്ക് ആവശ്യമായ സാധനങ്ങൾ ഗുണഭോക്താക്കൾ വാങ്ങി നൽകണം. ജി.എസ്.ടി. ബിൽ നഗരസഭയിൽ ഹാജരാക്കുമ്പോൾ തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുന്നത്.
ഓരോ കിണറും ഗുണമേന്മ ഉറപ്പുവരുത്തിയാണ് റീച്ചാർജ്ജ് ചെയ്യുന്നത്. റീച്ചാർജ്ജിനു ശേഷം വെള്ളം കെട്ടികിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും ഫിൽറ്ററിങ് കൃത്യമാകണമെന്നും ഗുണഭോക്താക്കളോട് നഗരസഭ നിർദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾ നേരിട്ട് ചെയ്യുന്നതിനാൽ ഓരോ വീട്ടുകാർക്കുമാണ് റീച്ചാർജ് ചെയ്യുന്നതിന്റെ ഉത്തരവാദിത്തമെന്ന് നഗരസഭ സെക്രട്ടറി കെ കെ മനോജ് അറിയിച്ചു.
- Log in to post comments