Skip to main content

സായുധസേനാ പതാകദിനം ഡിസംബര്‍ ഏഴിന് വിപുലമായി ആചരിക്കും

രാജ്യത്തിനായി പോരാടി വീരമൃത്യു വരിക്കുകയോ ഗുരുതരമായി പരിക്കേറ്റ് അംഗവൈകല്യം സംഭവിക്കുകയോ ചെയ്തവരുടെ സ്മരണാര്‍ഥം ഡിസംബര്‍ ഏഴിന് നടക്കുന്ന സായുധസേനാ പതാകദിനം വിപുലമായി ആചരിക്കാന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ്, ജില്ലാ സായുധസേനാ പതാക ദിന ഫണ്ട് കമ്മിറ്റി എന്നിവയുടെ യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍, വിവിധ സേനാ വിഭാഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവരിലൂടെ പരമാവധി പതാകകള്‍ വില്‍പ്പന നടത്താനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മികച്ച ഫണ്ട് സ്വരൂപിക്കാനും എഡിഎം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യുദ്ധത്തില്‍ വീരചരമമടഞ്ഞ ജവാന്‍മാരുടെ ആശ്രിതരുടേയും വിമുക്ത ഭടന്‍മാരുടേയും പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് അവര്‍ പറഞ്ഞു.  കഴിഞ്ഞ വര്‍ഷത്തെ പതാകദിനത്തില്‍ 18.46 ലക്ഷം രൂപയാണ് പതാക വിതരണത്തിലൂടെ ശേഖരിച്ചത്. ഇത്തവണ അത് 25 ലക്ഷമായി ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചു.
പതാകദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലികള്‍ വിളിച്ചുചേര്‍ക്കുകയും പതാകദിന സന്ദേശം നല്‍കുകയും വേണം. പതാകയ്ക്ക് ചുരുങ്ങിയത് 10 രൂപയെന്ന തോതിലാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കേണ്ടത്. ഇതിനു പുറമെ, ജില്ലയിലെ എന്‍സിസി യൂനിറ്റുകള്‍ വഴിയും ഫണ്ട് സ്വരൂപിക്കും. പതാകദിനാചരണത്തിലൂടെ ലഭിക്കുന്ന ഫണ്ട് ജനുവരി 31നകം തന്നെ നിര്‍ബന്ധമായും ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണമെന്നും എഡിഎം അറിയിച്ചു. കഴിഞ്ഞ തവണത്തെ ഫണ്ട് അടക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം കുടിശ്ശിക തീര്‍ക്കണം.
ഡിസംബര്‍ ഏഴിന് രാവിലെ 9.30ന് യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചുകൊണ്ടാണ് സായുധസേനാ പതാകദിന പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.
ചികില്‍സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ജില്ലയിലെത്തുന്ന വിമുക്ത ഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും താമാസിക്കുന്നതിനായി ജില്ലാ ആസ്ഥാനത്ത് സൈനിക റസ്റ്റ് ഹൗസ് സ്ഥാപിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസി. റിട്ട. കേണല്‍ എന്‍ വി ജി നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ലഭ്യത പരിശോധിക്കുന്നതിന് കണ്ണൂര്‍ തഹസില്‍ദാറുമായി ബന്ധപ്പെടാന്‍ എഡിഎം നിര്‍ദ്ദേശിച്ചു.
സ്‌റ്റേറ്റ് മിലിറ്ററി ബെനവലന്റ് ഫണ്ടില്‍ നിന്ന് 28 അപേക്ഷകര്‍ക്കായി 2.35 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എം രവീന്ദ്രന്‍ യോഗത്തെ അറിയിച്ചു. ജില്ലാ മിലിറ്ററി ബെനവലന്റ് ഫണ്ടില്‍ നിന്ന് 115 അപേക്ഷകര്‍ക്കായി 7.73 ലക്ഷം രൂപയുടെ സഹായധനവും വിതരണം ചെയ്തു. ഇതിനു പുറമെ, വിമുക്തഭടന്‍മാര്‍ക്കും കൊല്ലപ്പെട്ട സൈനികരുടെ ആശ്രിതര്‍ക്കുമുള്ള അടിയന്തര സഹായധനമായി ജില്ലാ കലക്ടര്‍ 40,000 രൂപയും നല്‍കി.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസി. റിട്ട. കേണല്‍ എന്‍ വി ജി നമ്പ്യാര്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എം രവീന്ദ്രന്‍, വിവിധ സേനാവിഭാഗം പ്രതിനിധികള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date