ഭാഷാ വാരാചരണത്തിന് തിരൂരില്‍ സമാപനം
പണ്ഡിത ഭാഷയും സാധാരണക്കാരന്റെ ഭാഷയും തമ്മിലെ അന്തരം കുറച്ച് കൊണ്ട് വരേണ്ടത് അനിവാര്യമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സെന്റര്‍ ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് ആന്‍ഡ് സോഷ്യല്‍ ഡവലപ്മെന്റുമായി (ലീഡ്സ് ) സഹകരിച്ച് തിരൂര്‍ എസ്.എസ്.എം.പോളിടെക്നിക്കില്‍ നടത്തിയ ശ്രേഷ്ഠ ഭാഷാ വാരാചരണത്തിന്റെ ജില്ലാതല സമാപനവും സാഹിത്യ സദസ്സും ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതൊരാള്‍ക്കും അവരവര്‍ സംസാരിക്കുന്ന ഭാഷ ശ്രേഷ്ഠമായതാണ്. ഭാഷ ഒരാള്‍ക്ക് സ്വാഭാവികമായി വരേണ്ട ഒന്നാണ്. അതിനാല്‍ ഭാഷ ലളിതവും പ്രായോഗികമായി ഉപയോഗിക്കാനാവുന്നതും ആകണമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.
വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി 'തെളി മലയാളം' കഥാസംഗ്രഹ അവതരണം, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി 'കാവ്യോപാസന' കവിതാപാരായണം, ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 'ഭാഷാ നിറവ്' മലയാള ഭാഷാ ചോദ്യോത്തര മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി 'മലയാള ഭാഷ -സംസ്കൃതിയും വികാസവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ രചന മത്സരത്തില്‍ കാലടി സംസ്കൃത സര്‍വ്വകലാശാല എം.എ മലയാളം വിദ്യാര്‍ത്ഥി എം.കെ.ശിവദത്ത്, ഒന്നാം സ്ഥാനവും കോഴിക്കോട് ഗവ: ആര്‍ട്സ് & സയന്‍സ് കോളജ് ബി.എ ഹിസ്റ്ററി വിദ്യാര്‍ത്ഥി എസ്.നവനീത് രണ്ടാം സ്ഥാനവും കോട്ടയം കിടങ്ങൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ആതിര മനോജ് മൂന്നാം സ്ഥാനവും നേടി.
തിരൂര്‍ ആര്.ഡി.ഒ പി.അബ്ദുസമദ്, മലയാള സര്‍വ്വകലാശാല റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ: ടി.അനിതകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്, സംസ്കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ ഡോ: എല്‍.സുഷമ, മുന്‍ പി.ആര്.ഡി ഡപ്യൂട്ടി ഡയറക്ടര്‍ പി.എ.റഷീദ്, എഴുത്തുകാരി ഡോ: രാധാമണി അയിങ്കലത്ത്, എസ്.എസ്.എം പോളിടെക്നിക് പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ കൈപഞ്ചേരി, ലിഡ്സ് ഡയറക്ടര്‍ എ.എസ്.ഹാഷിം, പ്രോഗ്രാം കോ - ഓഡിനേറ്റര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments