സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന് ശിലയിട്ടു
സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിര്‍വഹണ വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. തദ്ദേശ തലം മുതല്‍ മികച്ച പദ്ധതിയാസൂത്രണ, നിര്‍വഹണ സംവിധാനമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കൈമനത്തെ നിര്‍ദിഷ്ട സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (സാസ) ന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച രീതിയില്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നിര്‍വഹിക്കുന്നതിനും കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ ലഭ്യത അനിവാര്യമാണെന്നും സ്ഥിതിവിവര വകുപ്പ് ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അക്കാഡമിക്കുവേണ്ടി സ്ഥലം കണ്ടെത്തുന്ന കാര്യത്തിലുണ്ടായ നിയമ പ്രശ്‌നങ്ങളാണ് കെട്ടിടനിര്‍മാണം ആരംഭിക്കാന്‍ കാലതാമസം വരുത്തിയത്. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൈമനം വിഷ്ണു നഗറില്‍ ചിറക്കര പാലസിനു സമീപത്തുള്ള 40 സെന്റോളം സ്ഥലം അക്കാഡമിക്കുവേണ്ടി സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു. അക്കാഡമിയുടെ നിര്‍മാണം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
സ്ഥിതിവിവര ശേഖരണം മികവുറ്റതാക്കുന്ന സ്ഥാപനമെന്നതിലുപരി മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനുതകുന്ന മികച്ച നിലവാരമുള്ള ഗവേഷണ സ്ഥാപനമായിക്കൂടി ഈ സ്ഥാപനത്തെ വളര്‍ത്തിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മേയര്‍ വി.കെ. പ്രശാന്ത്, ഒ. രാജഗോപാല്‍ എം.എല്‍.എ, കൗണ്‍സിലര്‍മാരായ എ.വിജയന്‍, ആശാ നാഥ് ജി.എസ്., ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിപാല്‍, ആസൂത്രണ, ധനകാര്യവകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി. രാമചന്ദ്രന്‍, സാസ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ സി. തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.166/18
- Log in to post comments