മുല്ലശ്ശേരിയിൽ കേരളോത്സവത്തിന് ഇന്ന് (നവം. 15) തിരിതെളിയും
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2019 ന് ഇന്ന് (നവംബർ 15) തിരിതെളിയും. മുല്ലശ്ശേരി ഗവ. ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഏഴ് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ആർട്സ്, സ്പോർട്ട്സ് വിഭാഗങ്ങളിലായി 560 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. ഇന്ന് രാവിലെ എട്ട് മണിക്ക് മുല്ലശ്ശേരി ജി.എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും ഉച്ചയ്ക്ക് ഒരുമണിക്ക് ക്രിക്കറ്റ് മത്സരവും നടക്കും. വെങ്കിടങ്ങ് പഞ്ചായത്ത് ഗ്രൗണ്ടിൽ വൈകീട്ട് അഞ്ചിന് വടംവലി, പാവറട്ടി ജന്റിൽമാൻ ക്ലബ്ബിൽ രാവിലെ ഏഴിന് ഷട്ടിൽ എന്നിങ്ങനെയാണ് മത്സരങ്ങൾ നടക്കുക. നവംബർ 16-ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് കലാസാഹിത്യ മത്സരങ്ങളും മറ്റ് വേദികളിലായി വോളിബോൾ, പഞ്ചഗുസ്തി, ചെസ്, ക്വിസ്, കബഡി മത്സരങ്ങളും നടത്തും. പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലും, മുല്ലശ്ശേരി ബി.എച്ച്.എസ്.എസ് സ്കൂളിലുമായി നടക്കുന്ന ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് മത്സരങ്ങളോടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കേരളോത്സവം കലാകായിക മത്സരങ്ങൾ നവംബർ 17 ന് സമാപിക്കും.
- Log in to post comments