Skip to main content

പിന്നോക്ക വിഭാഗങ്ങളുടെ വ്യാവസായിക ഉന്നമനത്തിനായി എസ് സി എസ്ടി ഹബ്ബ്

കൊച്ചി : പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളിലെ സംരംഭകരുടെ വ്യാവസായിക ഉന്നമനത്തിനായുള്ള മാര്‍ഗമാണ് എസ്.സി, എസ്.ടി ഹബ്ബ് വഴി തുറന്നു കിട്ടിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി. ചെറുകിട ഇടത്തര സൂക്ഷ്മ സംരംഭകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയത്തിന്റെ കീഴില്‍ രൂപം കൊണ്ടിട്ടുള്ള ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ഹബ്ബിന്റെ ആഭിമുഖ്യത്തില്‍ ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രതിവര്‍ഷം 2500 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്. എങ്കിലും വ്യാവസായിക രംഗത്ത് ഈ മേഖലയില്‍ നിന്നുള്ള പുരോഗതി വളരെ ചെറുതാണ്. സ്ഥായിയായ ഒരു സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നവരോ പത്തോ അതില്‍ താഴെയോ പേര്‍ക്ക് ജോലി ലഭിക്കുന്ന ഒരു തൊഴില്‍ സംരംഭം നടത്തുന്നവരോ പ്രതീക്ഷയ്‌ക്കൊത്ത് ഈ രംഗത്തുനിന്ന് ഉണ്ടാകുന്നില്ല. വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും ആയിരക്കണക്കിന് പേരാണ് ഈ വിഭാഗത്തില്‍ തൊഴില്‍രഹിതരായി തുടരുന്നത്. എസ് സി എസ്ടി ഹബ്ബ് വഴി സാമൂഹ്യപരവും വ്യാവസായികപരവുമായ മാറ്റത്തിന്റെ ചുവടുവെപ്പാണ് മുന്നില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അദ്ധ്യക്ഷനായി. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാലാകാലങ്ങളില്‍ പല പരിപാടികളും പദ്ധതികളും ആവിഷ്‌കരിച്ചു നടത്തുന്നുണ്ടെങ്കിലും പലതും അതിന്റെ യഥാര്‍ത്ഥഫലം കാണാറില്ല. എന്നാല്‍ ഇത്തരമൊരു പദ്ധതിയിലൂടെ വ്യാവസായിക പരമായി ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും ഗവണ്‍മെന്റിന്റെയും പരിപാടിയുടെയും പിന്നില്‍ പ്രവര്‍ത്തിച്ച സംഘാംഗങ്ങളുടെയും പരിശ്രമം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹബ്ബിന്റെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ പി. ഉദയകുമാര്‍ സംസാരിച്ചു. എസ് സി എസ് ടി ഹബ്ബിന്റെ പ്രവര്‍ത്തനവും സംരംഭകര്‍ക്കും സംരംഭങ്ങള്‍ക്കും ലഭിക്കുന്ന സാധ്യതകളും അദ്ദേഹം വിവരിച്ചു. എസ്.സി എസ്ടി സംരംഭകര്‍ക്ക് 100 രൂപ അപേക്ഷ തുകയായി അടച്ച് തങ്ങളുടെ സംരംഭം എന്‍ എസ് ഐ സിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംരഭകരുടെ ഡാറ്റാ ബാങ്ക് തയാറാക്കി വിവരങ്ങള്‍ സര്‍ക്കാരിനും വന്‍കിട ചെറുകിട വ്യവസായികള്‍ക്കും പൊതുമേഖലാ ഉദ്യോഗസ്ഥര്‍ക്കും കൈമാറുക വഴി സംരംഭകര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നോക്ക വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന് വ്യാവസായിക മേഖലയില്‍ നേട്ടങ്ങള്‍ കൊയ്ത നാലു സംരംഭകര്‍ അവരുടെ അനുഭവവും പ്രവര്‍ത്തനപാതയും പുതിയ സംരംഭകരുമായി പങ്കുവച്ചു. സര്‍ക്കാര്‍ പ്രതിനിധികളുമായും ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കെയര്‍ റേറ്റിംഗ്‌സ് എന്നിവയുടെ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തി. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി കെ എന്‍ സതീഷ്, പട്ടികജാതി ഉന്നമന വകുപ്പ് ഡയറക്ടര്‍ പി.എം അലി അസ്ഗര്‍ പാഷ, പട്ടിക വര്‍ഗ ഉന്നമന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, എം എസ് എം ഇയുടെ തൃശൂര്‍ ജില്ലാ ഡയറക്ടര്‍ പി.വി വേലായുധന്‍, പി.കെ രവികുമാര്‍ നാറ, പി.കെ സുധീര്‍, ദാമോദര്‍ അവനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date