Post Category
എറണാകുളം ജില്ല ബാലസൗഹൃദ ജില്ല പദവിയിലേക്ക്
കാക്കനാട്: സംസ്ഥാനത്തെ മികച്ച ബാലസൗഹൃദ ജില്ലകളിലൊന്നായി ജില്ലയെ രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍. ബാലസൗഹൃദ ജില്ലയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ജില്ല പഞ്ചായത്തിന്റെയും വനിത ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടി ജില്ല പഞ്ചായത്ത് ഇ.എം.എസ് സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുട്ടികളുടെ ഗ്രാമസഭകളില്‍ നിന്നും ലഭ്യമാകുന്ന അവരുടെ നിര്‍ദേശങ്ങളും ആശയങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും വരും വര്‍ഷത്തിലെ കുട്ടികളുടെ മേഖലയിലെ പദ്ധതി രൂപീകരണം. കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസന പങ്കാളിത്തം എന്നീ വികസന മേഖലകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ രൂപപ്പെടുത്തുന്ന പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന. കുട്ടികളിലെ വായനാശീലം വളര്‍ത്തുക, മത്സര പരീക്ഷകള്‍ എഴുതുന്നതിന് താല്പര്യം വളര്‍ത്തി അതിനുള്ള അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഓരോ പഞ്ചായത്തിലെയും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുമാരി ക്ലബ്ബുകള്‍ക്ക് മിനി റഫറന്‍സ് ലൈബ്രറി, പോഷണ വൈകല്യമുള്ള കുട്ടികള്‍ക്ക് ചികിത്സാധിഷ്ഠിത പരിചരണം ഉറപ്പാക്കാന്‍ പോഷണ ന്യൂനത തിട്ടപ്പെടുത്തുന്ന സ്റ്റേഡിയോ മീറ്റര്‍ വിതരണം
എന്നീ രണ്ട് പദ്ധതികള്‍ ഈ വര്‍ഷം ആവിഷ്ക്കരിച്ചിട്ടുണ്ട്.
കൂടാതെ അങ്കണവാടി കെട്ടിട നിര്‍മ്മാണം, ഐസിഡിഎസ് റിസോഴ്സ് സെന്റര്‍ തുടങ്ങി വിവിധ പദ്ധതികള്‍ ജില്ല പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. ജില്ലയിലെ സംയോജിത ശിശു വികസന സേവന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 2858 അങ്കണവാടികളും 23 ഐസിഡിഎസ് പ്രൊജക്ടുകളും ജില്ലാതല ഐസിഡിഎസ് ഓഫീസും ജിയോ ഭൂപടത്തില്‍ മാപ്പിംഗ് നടത്തിയിട്ടുണ്ട്. ജിയോ ടാഗിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയാണ് എറണാകുളം. സ്വകാര്യ സ്ഥാപനങ്ങളില്‍ സാങ്കേതിക സംവിധാനങ്ങള്‍ അങ്കണവാടികളിലും ഏര്‍പ്പെടുത്തും.
ജില്ല സാമൂഹ്യനീതി ഒാഫീസര്‍ പ്രീതി വില്‍സണ്‍ അധ്യക്ഷത വഹിച്ചു. കില അസോസിയേറ്റ് എം.ജി. കാളിദാസന്, കോ-ഓര്‍ഡിനേറ്റര്‍ ബാലസൗഹൃദ തദ്ദേശഭരണം കെ.കെ. ജോസഫ്, ദിമിത്രോവ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ജെ. മായാലക്ഷ്മി, ജില്ല പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments