Post Category
ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയാക്കാന്‍ ശ്രമം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയാക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ പത്തു ശതമാനമാണ് ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം. ഇത് 20 ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ടൂറിസം പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മടവൂര്‍പ്പാറ വിനോദ സഞ്ചാര പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാനത്ത് വിജയകരമായി വിവിധ പദ്ധതികള്‍ നടപ്പാക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഖി ദുരന്തമുണ്ടായപ്പോഴും ശബരിമല മണ്ഡല മകരവിളക്കു സീസണിലും തിരുവനന്തപുരത്ത് ലോകകേരളസഭയുടെ ഭാഗമായി വസന്തോത്‌സവം സംഘടിപ്പിച്ചപ്പോഴുമെല്ലാം ഈ കൂട്ടായ്മ ഫലപ്രദമായി. വസന്തോത്‌സവം സര്‍ക്കാര്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഒന്നേകാല്‍ ലക്ഷം ജനങ്ങളാണ് കനകക്കുന്നില്‍ എത്തിയത്. 60 വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വന്നു. 45 ലക്ഷം രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ചത്. ശബരിമല മഹോത്‌സവത്തിലും വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനമുണ്ടായതിനാല്‍ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറി. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറാന്‍ കഴിഞ്ഞു. സാധാരണഗതിയില്‍ നൂലാമാലകളില്‍ കുടുങ്ങേണ്ട നടപടികള്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് വേഗത്തിലായത്. വകുപ്പുകളുടെ ഏകോപനം ഫലപ്രദമായി നടപ്പാക്കാനാവുന്നത് സര്‍ക്കാരിന്റെ വിജയമാണ്.
കഴക്കൂട്ടം മണ്ഡലത്തില്‍ 24 കോടി രൂപയുടെ വിവിധ ടൂറിസം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തെ ഉത്‌സവ് പരിപാടി മടവൂര്‍പ്പാറയില്‍ നടത്തുമെന്നും മന്ത്രി ഉറപ്പു നല്‍കി. മടവൂര്‍പ്പാറയില്‍ ഏഴു കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്. ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. കോട്ടേജുകള്‍, അഡ്വഞ്ചര്‍ സോണ്‍, ആംഫി തിയേറ്റര്‍, കഫറ്റീരിയ, കല്ലിരിപ്പിടങ്ങള്‍, നടപ്പാതകള്‍, ഹരിത കുടിലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണമാണ് ഇവിടെ നടത്തുക. ടൂറിസത്തിന് അനന്ത സാധ്യതയുള്ള പ്രദേശമാണ് മടവൂര്‍പ്പാറയെന്ന് അദ്ദേഹം പറഞ്ഞു.
മടവൂര്‍പ്പാറയില്‍ റോക്ക് ആര്‍ട്ട് മ്യൂസിയത്തിന്റെ സാധ്യത പുരാവസ്തു വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള പുരാതന ക്ഷേത്രങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, പള്ളികള്‍, ഇവിടങ്ങളിലെ ശില്‍പ സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള പദ്ധതികള്‍ പുരാവസ്തു വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. മടവൂര്‍പ്പാറയെ വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന വിധത്തില്‍ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മേയര്‍ വി. കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കെ. ടി. ഐ. എല്‍ സി. എം. ഡി കെ. ജി. മോഹന്‍ലാല്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ റജികുമാര്‍, കൗണ്‍സിലര്‍മാരായ സിന്ധു ശശി, ഷീല കെ. എസ്, ബിന്ദു എസ്, പ്രദീപ് കുമാര്‍, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.206/18
date
- Log in to post comments