Skip to main content

ഐ ആം ഫോര്‍ ആലപ്പി: പതിനെട്ടാം ഘട്ട വള്ളം വിതരണം നടത്തി

ആലപ്പുഴ: ഐ ആം ഫോര്‍ ആലപ്പി പദ്ധതി പ്രകാരം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള 60 ഫൈബര്‍ വള്ളങ്ങളുടെ വിതരണം മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ നിര്‍വഹിച്ചു. മത്സ്യബന്ധന വള്ളങ്ങളുടെ പതിനെട്ടാം ഘട്ട വിതരണമാണ് നിര്‍വ്വഹിച്ചത്. ഓഫര്‍ ഇസ്ലാമിക് റിലീഫിന്റെ ആഭിമുഖ്യത്തില്‍ മാന്നാര്‍, പാണ്ടനാട്, നൂറനാട്, പടനിലം, പാണാവള്ളി, അരൂക്കുറ്റി, കൈനകരി തുടങ്ങിയ പ്രദേശങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് വള്ളങ്ങള്‍ വിതരണം ചെയ്തത്. ഓരോ വള്ളങ്ങള്‍ക്കൊപ്പവും മത്സ്യബന്ധനത്തിനാവശ്യമായ വലയും മറ്റു സാമഗ്രികളും നല്‍കി. പദ്ധതിയിലൂടെ 677 വള്ളങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. നഗരസഭാംഗം സലിംകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓഫര്‍ ഇസ്ലാമിക് റിലീഫ് ഭാരവാഹി മനീഷ് ജെയിന്‍ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് എസ്.ഐ ദീപു, ഡിടിപിസി സെക്രട്ടറി മാലിന്‍, ഐ ആം ഫോര്‍ ആലപ്പി ലയ്‌സണ്‍  ഓഫിസര്‍ പി. എം ഷെരിഫ്, ജെയിംസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ മുന്‍ സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ തുടങ്ങിവെച്ച ഐആം ഫോര്‍ ആലപ്പി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

date