Skip to main content

പട്ടയ നടപടികള്‍ ഊര്‍ജിതം;  എംഎല്‍എയും ജില്ലാ കളക്ടറും 26ന് സീതത്തോട് സന്ദര്‍ശിക്കും

ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാഭരണകൂടം ഊര്‍ജിതമാക്കി. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സര്‍വേ ടീമിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നെന്ന് ഉറപ്പാക്കുന്നതിനുമായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും 26 ന്  രാവിലെ ഒന്‍പതിന് സീതത്തോട് പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് സീതത്തോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  ജനപ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധികള്‍, സര്‍വേ ടീം അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത് നടപടികളുടെ പുരോഗതി എംഎല്‍എയും ജില്ലാ കളക്ടറും വിലയിരുത്തും.  

കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ എന്നീ വില്ലേജുകളിലെ ഭക്ഷ്യോത്പാദന മേഖലയില്‍ (ഫുഡ് പ്രൊഡക്ഷന്‍ ഏരിയ) വീട് നിര്‍മിച്ച് താമസിക്കുന്ന 4216 കൈവശക്കാര്‍ക്ക് സൗജന്യനിരക്കില്‍  പട്ടയം നല്‍കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി 2016 ഫെബ്രുവരി ഏഴിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം കോന്നി താലൂക്കിലെ ഭക്ഷ്യോത്പാദന മേഖലയില്‍ വീട് നിര്‍മിച്ചു താമസിക്കുന്ന 4126 കൈവശക്കാരില്‍ 1843 പേര്‍ക്ക് നല്‍കുന്നതിന് പട്ടയങ്ങള്‍ തയാറാക്കിയിരുന്നു. ഇതില്‍ 40 പേര്‍ക്ക് 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ നടന്ന പട്ടയമേളയില്‍ പട്ടയങ്ങള്‍ നല്‍കി. സര്‍ക്കാര്‍ ഉത്തരവില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി തര്‍ക്കങ്ങള്‍ നിലവിലില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് വരുത്തണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. നിര്‍ദിഷ്ട പ്രദേശങ്ങള്‍ വനത്തിന്റെ സ്ഥിതിയിലുള്ളതാണെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ അനുമതിയില്ലാതെ നല്‍കിയതിനാല്‍ കോന്നി തഹസില്‍ദാരുടെ 2017 സെപ്റ്റംബര്‍ 27ലെ നടപടിക്രമ പ്രകാരം 1843 പട്ടയങ്ങളും റദ്ദ് ചെയ്തു.
തുടര്‍ന്ന് പട്ടയം റദ്ദ് ചെയ്തത് വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നും 1942 നവംബര്‍ 30ലെ ജി.ഒ(പി) നമ്പര്‍ 11774/52  പ്രകാരം ധാന്യവിളകള്‍ക്കും കപ്പ കൃഷിക്കുമായി മൂന്നു വര്‍ഷക്കാലത്തേയ്ക്ക് വനഭൂമി വിട്ടു കൊടുത്ത പ്രദേശങ്ങളാണ് നിലവില്‍ ഭക്ഷോത്പാദന മേഖലയായി അറിയപ്പെടുന്നതെന്ന് വ്യക്തമായി. മേഖലയിലെ കൈവശക്കാര്‍ക്ക് മുന്‍പ് പട്ടയങ്ങള്‍ എഫ്പി പട്ടയം എന്ന് രേഖപ്പെടുത്തിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, കൈവശക്കാര്‍ കൃഷിക്കായി വിട്ടുനല്‍കിയ ഭൂമി കൂടാതെ  വനഭൂമിയും അനധികൃതമായി കൈയേറിയിരുന്നു. ഭക്ഷ്യോത്പാദന മേഖലയിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് വനംവകുപ്പിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിലവിലെ കൈവശങ്ങളില്‍ ഭൂരിഭാഗവും 1977 ജനുവരി ഒന്നിന് മുമ്പുള്ള വനഭൂമി കൈയേറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും 90 ശതമാനം കൈവശങ്ങളും സംയുക്ത പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി മാത്രമേ പട്ടയം നല്‍കാന്‍ സാധിക്കുവെന്നും പത്തനംതിട്ട ജില്ലയിലെ  വനഭൂമിയിലെ പട്ടയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനായി റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിലും വനംവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും പത്തനംതിട്ട ജില്ലാ കളക്ടറുടെ ചേംബറില്‍ 2019 ജനുവരി 18ന് ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) അറിയിച്ചിരുന്നു.
വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ജണ്ടകളല്ലാതെ, വനഭൂമി ഏത്, റവന്യൂ ഭൂമി ഏത്, വനഭൂമിയില്‍ തന്നെ ഡിസ്‌റിസര്‍വ് ചെയ്തത് ഏത്, ചെയ്യാത്തത് ഏത്, ഭക്ഷ്യോത്പാദന മേഖലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശം ഏത് എന്ന് ആധികാരികമായി മനസിലാക്കാന്‍ ആവശ്യം വേണ്ട അടിസ്ഥാന രേഖകള്‍ ലഭ്യമല്ല. ഇതിനാല്‍ സംയുക്ത പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുള്ള  കൈവശങ്ങള്‍ക്ക് 1993ലെ കേരളാ ഭൂമി പതിച്ചു നല്‍കല്‍ (1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമിയില്‍ നടത്തിയിട്ടുള്ള കുടിയേറ്റങ്ങള്‍ ക്രമപ്പെടുത്തല്‍) പ്രത്യേക ചട്ടങ്ങള്‍ പ്രകാരവും ബാക്കിയുള്ളതില്‍ വില്ലേജ് റിക്കാര്‍ഡുകളില്‍ റവന്യൂ പുറമ്പോക്കില്‍ ഉള്‍പ്പെട്ട് വരുന്ന ഭൂമിയിലെ കൈവശക്കാര്‍ക്ക് 1964ലെ കേരളാ ഭൂമി പതിവ് ചട്ടം പ്രകാരവും അല്ലാത്തവയ്ക്ക് 1970ലെ കൃഷിയുക്ത വനഭൂമി പതിവ് ചട്ടം പ്രകാരവും പട്ടയം നല്‍കുന്നതാണ് നിയമാനുസൃതം എന്ന് കണ്ടെത്തിയിട്ടുണ്ട്.
ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈയേറി കൈവശം വച്ചുവരുന്ന ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിന് വനംവകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 1970.04 ഹെക്ടര്‍ വന ഭൂമി കൈയേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 1992 കാലയളവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ള സംയുക്ത സര്‍വേയുടെ റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്കുകളില്‍പ്പെട്ട വില്ലേജ് തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് (താലൂക്ക്, വില്ലേജ്, കൈവശങ്ങള്‍, വിസ്തീര്‍ണ്ണം (ഹെക്ടറില്‍) എന്ന ക്രമത്തില്‍):
റാന്നി, കൊല്ലമുള, 335, 123.9919. റാന്നി, പെരുനാട്, 148, 63.3600.
റാന്നി, വടശേരിക്കര, 31, 9.6400. റാന്നി, അത്തിക്കയം, 110, 26.7318.
മല്ലപ്പള്ളി, പെരുമ്പെട്ടി, 414, 104.1500. കോന്നി, ചിറ്റാര്‍- സീതത്തോട്, 4530, 1362.2763. കോന്നി, കലഞ്ഞൂര്‍, 8, 2.9400.
കോന്നി, കോന്നിത്താഴം, 69, 13.5000. കോന്നി, അരുവാപ്പുലം, 262, 47.0000. കോന്നി, തണ്ണിത്തോട്(കോന്നി ഡി.എഫ്.ഒ), 207, 59.9400. കോന്നി, തണ്ണിത്തോട്(റാന്നി ഡി.എഫ്.ഒ), 210, 156.5100. ആകെ കൈവശങ്ങള്‍ 6324. ആകെ വിസ്തീര്‍ണം 1970.04 ഹെക്ടര്‍.

ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈയേറി കൈവശം വച്ചുവരുന്ന ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി, വനംവകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ വന ഭൂമി കൈയേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ള 1970.04 ഹെക്ടര്‍ ഭൂമിയുടെ വിവരങ്ങള്‍ 2012 ല്‍ തന്നെ (പ്രൊപ്പോസല്‍ നമ്പര്‍: എഫ്പി/കെഎല്‍/ഇഎന്‍സിആര്‍എച്ച്/ 8556/2012)  കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിക്കായി ഓണ്‍ലൈനായി അപേക്ഷിച്ചിരുന്നു. എന്നാല്‍,  സാങ്കേതിക കാരണത്താല്‍ ഓണ്‍ലൈന്‍ പ്രൊപ്പോസലില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു കൂട്ടം കൈവശങ്ങള്‍ ഉള്‍പ്പെടുന്ന പോളിഗണിന്റെ നാല് അതിരുകള്‍ വ്യക്തമാക്കുന്ന തരത്തില്‍ ജിയോ റഫറന്‍സ് മാപ്പ് തയാറാക്കി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമായിരുന്നു. മുമ്പുള്ള റിക്കാര്‍ഡുകള്‍ എല്ലാം തന്നെ ജിപിഎസ് അടിസ്ഥാനത്തില്‍ അല്ലാതെ സര്‍വേ ചെയ്തിട്ടുള്ളതിനാല്‍ ഈ റിക്കാര്‍ഡുകള്‍ ജിഐഎസി ല്‍ മാറ്റുന്നതിന് തടസമുണ്ടായിരുന്നു. ഇത് പരിഹരിച്ച് ജിപിഎസ്  കോ-ഓര്‍ഡിനേറ്റ്‌സ് എടുക്കുന്നതിനായി വനംവകുപ്പിന്റെ കൈവശമുള്ള ഹാന്‍ഡ് ഹെല്‍ഡ് ജിപിഎസ് മെഷീനിന്റെ സഹായത്തോടെ പ്രത്യേക ടീമിനെ നിയോഗിച്ച് ജിയോ കോ ഓര്‍ഡിനേറ്റ്‌സ് എടുത്ത് വനം വകുപ്പിന്റെ സഹായത്തോടു കൂടി നിര്‍ദേശപ്രകാരമുള്ള രേഖകളെല്ലാം ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട്. ഡിഎഫ്ഒ, ഡിസിസിഎഫ്, സിസിഎഫ്, പിസിസിഎഫ്   എന്നിവരുടെ ശിപാര്‍ശയോടു കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്.
കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പട്ടയം നല്‍കുന്നതിനായി കൂടുതല്‍ കൈവശങ്ങള്‍ ഉള്‍പ്പെട്ടുവരുന്നതും 2016 ഫെബ്രുവരി ഏഴിലെ സര്‍ക്കാര്‍ ഉത്തരവ് ( 7/02/2016ലെ സ.ഉ (എം.എസ്)174/2016/റവന്യൂ ) പ്രകാരം മുന്‍പ് സര്‍വേ നടപടികള്‍ കൈകൊള്ളുകയും 3868 സ്‌കെച്ചുകള്‍ തയാറാക്കിയിരുന്നതുമായ കോന്നി താലൂക്കില്‍ പ്രാഥമികമായി വ്യക്തിഗത കൈവശങ്ങള്‍ അളന്ന് തിരിച്ച്, സര്‍വേ സ്‌കെച്ച്, മഹസര്‍ എന്നിവ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. കോന്നി താലൂക്കില്‍ ഇതുവരെ 5677 അപേക്ഷകളാണ് പട്ടയത്തിനായി ലഭിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശം
വില്ലേജ്, അപേക്ഷകള്‍, സര്‍വേ സ്‌കെച്ച് ലഭ്യമായിട്ടുള്ളത്, ബാക്കി എന്ന ക്രമത്തില്‍:  ചിറ്റാര്‍,1887,1497,390. സീതത്തോട്, 1151, 1047, 104. അരുവാപ്പുലം, 969, 0, 969. തണ്ണിത്തോട്, 1460, 1145, 315. കോന്നിത്താഴം, 116, 88, 28. കലഞ്ഞൂര്‍, 94, 91, 3. ആകെ അപേക്ഷകള്‍ 5677. ആകെ സര്‍വേ സ്‌കെച്ച് ലഭ്യമായിട്ടുള്ളത് 3868. ബാക്കി 1809.

കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി താഴം, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുന്‍പ് തയാറാക്കിയിട്ടുള്ള 3868 സ്‌കെച്ചുകള്‍ പരിശോധിക്കുന്നതിനും ബാക്കിയുള്ള വ്യക്തിഗത കൈവശങ്ങള്‍ക്ക് സ്‌കെച്ച്, മഹസര്‍ എന്നിവ തയാറാക്കുന്നതിനുമായി ഒന്‍പത് ടീമുകള്‍ രൂപീകരിക്കുകയും സര്‍വേ ചെയ്ത് സ്‌കെച്ച് തയാറാക്കുന്ന ജോലികള്‍ നടന്നു വരുകയുമാണ്. ഇതുവരെ 1129 വ്യക്തിഗത കൈവശങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.
സംയുക്ത പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങള്‍ റവന്യൂ റിക്കാര്‍ഡുകളില്‍ ഉള്‍പ്പെട്ട് വന്നിട്ടില്ലാത്തതിനാല്‍ കൈവശഭൂമി കണ്ടുപിടിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായും മുന്‍പ് പല പ്രാവശ്യം പട്ടയ നടപടികള്‍ കൈകൊണ്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും പട്ടയ നടപടികളുമായി സഹകരിക്കാതെ ഇരിക്കുകയുമാണെന്ന് ടീമംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈവശക്കാരില്‍ പലരും മറ്റ് ജില്ലകളില്‍ സ്ഥിരതാമസക്കാരായതിനാല്‍ ഇവരുടെ അസാന്നിധ്യം മൂലം ഒരേ ഫീല്‍ഡില്‍ പലയാവര്‍ത്തി പോകേണ്ടിവരുന്നതായും അറിയിച്ചിരുന്നു. കോന്നിയില്‍ നിന്നും ദിനംപ്രതി കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് വനമേഖലയിലുള്ള കുന്നിന്‍ പ്രദേശങ്ങളില്‍ സര്‍വേ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നത് വളരെയധികം സമയം ആവശ്യമായി വരുന്നതു പരിഗണിച്ച് മേഖലയില്‍ ഒരു പ്രത്യേക ഓഫീസ് അനുവദിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതു വഴി കൈവശക്കാരില്‍ നിന്നും ഈ ഓഫീസില്‍ അപേക്ഷ വാങ്ങുന്നത് ജോലിയുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും വളരെ വേഗത്തില്‍ ജോലി പൂര്‍ത്തീകരിക്കാനും സഹായകമാകും.

 

date