സുരക്ഷാ കവചങ്ങള്‍ പരിചയപ്പെടുത്തി അഗ്നിശമന സേനയുടെ പ്രദര്‍ശന സ്റ്റാള്‍
ആലപ്പുഴ : എസ്.ഡി.വി സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്റെ സ്റ്റാളില്‍ എത്തുന്നവരെക്കാത്ത് വ്യത്യസ്ത അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 'അപകടങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം, അപകടം എങ്ങനെ ഒഴിവാക്കാം' തുടങ്ങി നിത്യജീവിതത്തില്‍ നേരിടേണ്ടി വരുന്ന അപകട സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ഇവിടെ നിന്നും ലഭിക്കും. പാചകവാതക അപകടം, അഗ്നിബാധ, കിണര്‍ അപകടം, ജലാശയ അപകടം, റോഡപകടം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വൈദ്യുതി, പടക്കങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്റ്റാളില്‍ വിശദീകരിക്കുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ അഗ്നിശമന രക്ഷാസേന ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നുമുണ്ട്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും വിവിധ അപകടങ്ങളിലും അഗ്നിശമന സേനാംഗങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചിത്രപ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. അമോണിയം പോലുള്ള രാസവാതകങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഉപയോഗിക്കുന്ന സുരക്ഷാ കവചമായ കെമിക്കല്‍ സ്യൂട്ട്, ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന സ്കൂബ സ്യൂട്ട്, ശിതീകരണ സൗകര്യമുള്ള കൂളിംഗ് ഹെല്‍മറ്റ്, ഷൂ, തീ അണയ്ക്കാനുപയോഗിക്കുന്ന വിവിധയിനം ബ്രാഞ്ച് പൈപ്പുകള്‍, തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട് . തീ പിടുത്തങ്ങളില് സാധരണയായി ഉപയോഗിക്കുന്ന ഓര്‍ഡിനറി ബ്രാഞ്ച്, അകലെ നിന്ന് തീ കെടുത്തുന്ന ഫിക്സഡ് മോണിറ്റര്‍, രാസ അഗ്നിബാധ അണയ്ക്കാന്‍ ഉപയോഗിക്കുന്ന ഫോം മേക്കിംഗ് ബ്രാഞ്ച് പൈപ്പ്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഇടിഞ്ഞ് വീണും മറ്റും ഉണ്ടാകുന്ന അപകടങ്ങളില്‍ കോണ്‍ക്രീറ്റ് പൊളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുപയോഗിക്കുന്ന ഇലക്ട്രിക് ബ്രേക്കര്‍, വാഹനപകടങ്ങളില്‍ വാഹനങ്ങള്‍ പൊളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്പ്രൈസര് വിത്ത് ഇലക്ട്രിക് കട്ടര്‍, അഗ്നി ശമന ഉപകരണങ്ങളായ സി.ഒ.ടു എക്സ്റ്റിംഗ്യൂഷര്‍, ഡി.സി. പി എക്സ്റ്റിംഗ്യൂഷര്‍, ബൂസ്റ്റര്‍ പമ്പ്, ഫ്ളാറ്റ് സ്പ്രേ, ബ്രീത്തിംഗ് സെറ്റ്, തുടങ്ങി അപകടങ്ങളെ തരണം ചെയ്യാന്‍ സേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് പുതിയ അറിവ് പകരുന്നതാണ്.(ചിത്രമുണ്ട്)
ReplyForward |
- Log in to post comments