തീരസംരക്ഷണ നിയമം: അനധികൃത നിർമാണങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി; ആക്ഷേപങ്ങൾ സ്വീകരിക്കും
ആലപ്പുഴ: തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള അനധികൃത നിർമ്മാണങ്ങളുടെ പട്ടിക ഒക്ടോബർ 16 -ലെ സർക്കാർ ഉത്തരവ് പ്രകാരം ജില്ലയ്ക്കായി രൂപീകൃതമായ കോസ്റ്റൽ ഡിസ്ട്രിക്ട് കമ്മിറ്റി (സി.ഡി.സി) തയ്യാറാക്കി സി.ഡി.സി ചെയർമാൻ കൂടിയായ ജില്ല കളക്ടറുടെ http://alappuzha.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേലുള്ള ആക്ഷേപങ്ങളും/നിർദ്ദേശങ്ങളും/അഭിപ്രായങ്ങളും ജില്ല കളക്ടർക്കു വേണ്ടി ജില്ല ടൗൺ പ്ളാനർ, സിവിൽ സ്റ്റേഷൻ അനക്സ്-അഞ്ചാം നില, തത്തംപള്ളി പി.ഒ, ആലപ്പുഴ,പിൻ- 688 013 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
ജില്ലാതല അവലോകന യോഗങ്ങൾ ജനുവരി ആറിന്
ആലപ്പുഴ: 2019-20 പദ്ധതി അവലോകനം ചെയ്യുന്നതിനായി ആലപ്പുഴ, എറണാകുളം ജില്ലകളുടെ ജില്ലാതല അവലോകന യോഗങ്ങൾ ജനുവരി ആറിന് രാവിലെ 10.30ന് എറണാകുളത്ത് നടക്കും.
ലീഗൽ മെട്രോളജി മിന്നൽ പരിശോധന:42 കേസുകൾ, 132000 രൂപ പിഴ ഈടാക്കി
ആലപ്പുഴ:ക്രിസ്മസ് കാല മിന്നൽ പരിശോധനയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 166 പരിശോധനകൾ നടത്തി 42 കേസുകൾ എടുത്തു.ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, ഇറച്ചി-മൽസ്യ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ .
29 കേസുകളിലായി 132000 രൂപ പിഴ ഈടാക്കി.13 പേരുടെ പേരിൽ നിയമ നടപടികൾ തുടരുകയാണ്.കേക്ക് നിർമ്മാതാക്കൾ, വിൽപന വില ബേക്കറി ഉടമകൾക്ക് രേഖപ്പെടുത്താൻ ഉതകുന്ന രീതിയിൽ പാക്ക് ചെയ്യുകയും ഇറച്ചി വ്യാപാരത്തിന് ക്യത്യത ഉറപ്പ് വരുത്താത്ത ത്രാസ് ഉപയോഗിക്കുന്നതുമാണ് പ്രധാനമായും കണ്ടെത്തിയ ക്രമക്കേടുകൾ.ക്യത്യത ഇല്ലാത്ത ത്രാസ് ഇറച്ചി വ്യാപരത്തിന് ഉപയോഗിച്ചതിന് പുന്നമട, വളവനാട്, മുഹമ്മ മാർക്കറ്റ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കെതിരെ നടപടികൾ സ്വീകരിച്ചു. കേക്ക് പാക്കറ്റുകളിൽ വില രേഖപ്പെടുത്താത്തതിനും യഥാർത്ഥവില മറച്ച് കൂടിയ വില രേഖപ്പെടുത്തിയതിനും തട്ടാരമ്പലം, പൈനുംമൂട്, തഴക്കര, കറ്റാനം, ചേർത്തല പത്മാക്ഷി ജംഗ്ഷൻ, പാട്ടുകുളങ്ങര, കായംകുളം എരുവ, കഞ്ഞിക്കുഴി, ഫിനിഷിങ്ങ് പോയന്റ് എന്നിവിടങ്ങളിലെ ബേക്കറികളിൽ നിന്നും 55000 രൂപ പിഴ ഈടാക്കി. മുല്ലക്കൽ തെരുവിലെ ആറ് വ്യാപാരികളിൽ നിന്നും അളവ് തൂക്ക നിയമ ലംഘനത്തിന് 21000 രൂപ പിഴ ഈടാക്കുകയും ഒരു വ്യാപാരിക്കെതിരെ നിയമ നടപടി ആരംഭിക്കുകയും ചെയ്തു. കനാൽ വാർഡിലെ സൂപ്പർ മാർക്കറ്റിനെതിരെ വിൽപന വില തിരുത്തിയതിനും വില രേഖപ്പെടുത്താത്ത പാക്കറ്റുകൾ വിൽപനയ്ക്ക് വെച്ചതിനും നടപടി ആരംഭിച്ചു. എരമല്ലൂരിലെ ബാർ ഹോട്ടലിന് നോൺ സ്റ്റാന്റേർഡ് അളവ് ഉപകരണം ഉപ്യൊഗിച്ചതിന് 16000 രൂപ പിഴ ചുമത്തി. ആലപ്പുഴയിലെ പ്രധാനപ്പെട്ട ഹൈപ്പർ മാർക്കറ്റിനെതിരേയും അളവ് തൂക്ക നിയമ ലംഘനത്തിന് നടപടി ആരംഭിച്ചു. അരി വിറ്റതിന് ബില്ല് നൽകുകയും എന്നാൽ അരി നൽകാതിരിക്കുകയും ചെയ്തതിന് അവലൂകുന്നിലെ റേഷൻ കടയ്ക്കും തൂക്കത്തിൽ കുറവിനു താമരക്കുളം, ചാരുംമൂട്,വള്ളിക്കുന്നം എന്നിവിടങ്ങളിലെ റേഷൻ കടകൾക്കുമെതിരെ കേസെടുത്തു.
അസിസ്റ്റന്റ് കൺട്രോളറുടെ മേൽ നോട്ടത്തിൽ മൂന്ന് സ്ക്വാഡുകൾ രൂപികരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.അസിസ്റ്റന്റ് കൺട്രോളർമരായ എം.ആർ.ശ്രീകുമാർ, എസ്. ഷേയ്ക്ക് ഷിബു എന്നിവരുടെ നേത്യത്വത്തിൽ നടന്ന പരിശോധനകളിൽ സീനിയർ ഇൻസ്പെക്റ്റർ ഷൈനി വാസവൻ ഇൻസ്പെക്റ്റർമാരായ കെ.കെ.ഉദയൻ, ബിനുബാലക്, പി. പ്രവീൺ, ബി. മുരളീധരൻ പിള്ള, ആർ.എസ്.രഞ്ജിത് എന്നിവർ പങ്കെടുത്തു.
- Log in to post comments