കാര്‍ഷിക രംഗത്തെ നേട്ടങ്ങള്‍ മാറിയ വികസന കാഴ്ചപ്പാടിന്റെ സൂചന: കൃഷി മന്ത്രി
വികസനത്തെക്കുറിച്ചുളള കാഴ്ചപ്പാടില്‍ നമ്മുടെ പുതു തലമുറയ്ക്ക് തിരിച്ചറിവുണ്ടായി എന്നതിന്റെ സൂചനയാണ് കാര്‍ഷിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍. തില്ലങ്കേരി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശു രഹിത ഗ്രാമമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍വയലുകളെ തിരിച്ചു കൊണ്ടുവരിക എന്ന പ്രധാനപ്പെട്ട ലക്ഷ്യമാണ് നമ്മുടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് പൂര്‍ത്തീകരിക്കാന്‍ ഓരോരുത്തരും കാര്‍ഷിക രംഗത്തേക്ക് ഇറങ്ങണം. കാര്‍ഷിക വികസന വകുപ്പിന്റെയും പഞ്ചായത്തുകളുടെയും ജനങ്ങളുടെയും ഏകോപനത്തിലൂടെ കേരളത്തിലെ തരിശു ഭൂമികളെ പ്രയോജനപ്രദമാക്കാന്‍ നമുക്ക് കഴിയും. കാര്‍ഷിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും കൃഷിക്കാര്‍ക്ക് നഷ്ടമുണ്ടാവില്ല എന്ന് ഉറപ്പ് നല്‍കാനും കഴിയുന്ന ഒരു സര്‍ക്കാര്‍ നമുക്ക് ഉള്ളത് കൊണ്ടാണ് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നത്. ഭൂഗര്‍ഭജലം സംഭരിക്കാന്‍ ശേഷിയുള്ള നെല്‍വയലുകള്‍ നാം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തില്ലങ്കേരി പഞ്ചായത്തിലെ 35 ഹെക്ടര്‍ തരിശു ഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെയാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. കാലാകാലങ്ങളായി തരിശായി കിടന്നിരുന്ന പ്രദേശങ്ങളില്‍ കരനെല്‍കൃഷി, പുഷ്പകൃഷി, നെല്‍കൃഷി എന്നിവ ആരംഭിച്ചു. പഞ്ചായത്ത് തരിശു രഹിതമാക്കുന്നതിന് വേണ്ടി 13 വാര്‍ഡുകളിലായി 26 പ്രവൃത്തികളാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ്, ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (തിരുവനന്തപുരം) ഹരിപ്രിയാദേവി, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ വിജയന്‍, ഹരിതകേരളം മിഷന്‍ ജില്ല കോ -ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ കെ എം രാമകൃഷ്ണന്‍, ഇരിട്ടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി ലത, തില്ലങ്കേരി കൃഷി ഓഫീസര്‍ കെ അനുപമ, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിഹാസ് മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments