Skip to main content

ജലസംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം:  മാതൃകയായി വെണ്മണി ഗ്രാമപഞ്ചായത് 

ആലപ്പുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് വെണ്മണി ഗ്രാമ പഞ്ചായത്ത് ഭരണസമിതി. 

പട്ടികജാതി കുടുംബങ്ങള്‍, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ എന്നിവരുടെ ഭൂമിയില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചുള്ള മണ്‍കയ്യാല നിര്‍മ്മാണവും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമടങ്ങുന്നതാണീ പദ്ധതി. ഇതുവരെ 100 കുടുംബങ്ങളില്‍ പദ്ധതി നടപ്പാക്കി. മുപ്പതോളം തൊഴിലാളികള്‍ 1437 തൊഴില്‍ ദിനംകൊണ്ട് 469000 രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 

2019-20 സാമ്പത്തിക വര്‍ഷത്തെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മഴയില്‍ നിന്നും ലഭിക്കുന്ന ജലം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറക്കാനും, അതിലൂടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കാനും ഇതിലൂടി ലക്ഷ്യമിടുന്നു. വേനലിലെ ജലക്ഷാമത്തിന് ഇതിലൂടെ ശ്വാശ്വത പരിഹാരം കാണാം. കനാലുകളുടേയും, തോടുകളുടേയും തീരങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിലൂടെ മണ്ണിടിച്ചില്‍ തടയാനും സാധിക്കും.

മണ്ണ് കയ്യാല നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനൊപ്പം മഴക്കുഴികളും നിര്‍മ്മിച്ചിട്ടുണ്ട്. മഴക്കുഴികളിലൂടെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ സാധിക്കും. ഇതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളും, ജലസ്രോതസുകളും ജല സമ്പന്നമാകും. മുളയാണി ഉപയോഗിച്ച് കയര്‍ ഭൂവസ്ത്രം കയ്യാലകളില്‍ ഉറപ്പിച്ച് മുകളില്‍ തീറ്റപ്പുല്ലുകള്‍ പിടിപ്പിച്ചാണ് ഇതിന്റെ നിര്‍മ്മാണം. ഭൂമിയിലേക്ക് പരമാവധി ജലം ആഴ്ന്നിറങ്ങുന്നതിന് ഇത്തരം കയ്യാലകള്‍ സഹായകമാകും. ഇത്തരം നിര്‍മ്മാണങ്ങള്‍ ഉത്തരപ്പിള്ളി ആറിന്റെ തീരത്തും നടത്തിയതോടെ ആറിന്റെ തിട്ട ഇടിയുന്നത് തടയാന്‍ സാധിച്ചെന്ന് വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലെജു കുമാര്‍ പറഞ്ഞു. 

 

date