ക്രിസ്തുമസ്-പുതുവത്സരം ലഹരിവസ്തു പരിശോധന ശക്തമാക്കും
ജില്ലയില്‍ ലഹരിവസ്തു പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങശോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ വിതരണവും ഉല്പാദനവും ഉപയോഗവും നിയന്ത്രിക്കുന്നതിനായി കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ തല ജനകീയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി പ്രദീപ് നേതൃത്വം നല്കി.
ജില്ലയിലെ അതിര്‍ത്തികളും വിനോദസഞ്ചാരമേഖലകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം തടയുന്നതിനായി ജില്ലയിലുടനീളം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എക്സൈസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത് ഊര്‍ജ്ജിതമാക്കും.
ലഹരിക്കെതിരെ കുട്ടികളെയും യുവാക്കളെയും ബോധവല്‍ക്കരിക്കുന്നതിനായി സ്‌കൂള്‍-കോളേജ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 5 മുതല്‍ ജനവരി അഞ്ചുവരെ നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക ട്രൈയിനിംഗ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട് . ചെക്ക്പോസ്റ്റുകളില്‍ സംയുക്ത പരിശോധന നടത്തുന്നതിനായി പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
യോഗത്തില്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
- Log in to post comments