Skip to main content
വയോജന ഗ്രാമസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍ സംസാരിക്കുന്നു.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ വയോജന ഗ്രാമസഭ ചേര്‍ന്നു

കഞ്ഞിക്കുഴി പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. സായന്തനം 2019 എന്ന് പേരിട്ട വയോജന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും മറ്റ് പദ്ധതികളും വയോജനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അവര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നൂറിലധികം വയോജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
'വയോജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും; അവകാശങ്ങളും' എന്ന വിഷയത്തില്‍ സാഹിത്യകാരനായ ഡേവിഡ് അറയ്ക്കല്‍ ക്ലാസുകള്‍ നയിച്ചു. വൃദ്ധരുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഏജ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ കഞ്ഞിക്കുഴി യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും നടത്തി. പരിപാടിയോടനുബന്ധിച്ച് ഹെല്‍പ് ഏജ് ഇന്ത്യയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
നിലവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ്, വയോജന ക്ലബ്, പാലിയേറ്റിവ് കെയര്‍, കട്ടില്‍ വിതരണം തുടങ്ങി വിവിധ പദ്ധതികളും  നടപ്പാക്കുന്നുണ്ട്.

കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ റാണി ഷാജി, പുഷ്പ ഗോപി, ടിന്‍സി തോമസ്, സിത്താര ജയന്‍, ബിന്ദു അഭയാന്‍, ജോഷ്വാ ദേവസ്യ, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍  പരിപാടിക്ക് നേതൃത്വം നല്‍കി.
 

date