സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തില്‍ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ക്കെതിരായ കുപ്രചരണങ്ങള്‍ തള്ളിക്കളയണം - മന്ത്രി.മേഴ്‌സിക്കുട്ടി അമ്മ
കൊച്ചി - സമുദ്ര മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചെറുമീനുകളെ പിടിക്കുന്നതിനെതിരെയുള്ള നടപടികളെ എതിര്‍ക്കുന്നത് ഒരു വിഭാഗം നിക്ഷിപ്ത താല്‍പര്യക്കാര്‍ മാത്രമാണ്. മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിലൂടെ മത്സ്യത്തൊഴിലാളികളുടെയും സംസ്ഥാനത്തിന്റെയും പൊതുതാല്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളെ നിക്ഷിപ്ത താപ്പര്യത്തോടെ ഇകഴ്ത്തിക്കാണിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് തിരിച്ചറിഞ്ഞ് കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 1980 -ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം സമഗ്രമായി പരിഷ്‌ക്കരിച്ച് അശാസ്ത്രീയമായ മത്‌സ്യബന്ധന രീതികള്‍ ഫലപ്രദമായി തടയുന്നതിന് നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മത്സ്യോല്‍പ്പാദനത്തില്‍ ഗണ്യമായ പുരോഗതി നേടാനായി. നിയമം നടപ്പാക്കുന്നതിന് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്തിയതും 58 ഇനം മത്സ്യങ്ങളെ നിയമപരമായി പിടിക്കാവുന്ന കുറഞ്ഞ വലിപ്പം നിഷ്‌കര്‍ഷിച്ചതും ഈ കാലയളവിലാണ്. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിനുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിച്ചതും കടല്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് സഹായകമായി.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 4.89 ലക്ഷം മെട്രിക് ടണ്‍ പ്രതിവര്‍ഷം സമുദ്രമത്സ്യോല്പാദനം ഉണ്ടായിരുന്നത് ഇപ്പോള്‍ 6.09 ലക്ഷം ടണ്ണിലെത്തി. പ്രതിവര്‍ഷ സമുദ്ര മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കാനായത് മത്സ്യസമ്പത്തിന്റെ സംരക്ഷണ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ മൂലമാണ്. മത്സ്യോല്പാദനത്തിന്റെ വര്‍ദ്ധനവിലെ ഗുണഫലം മത്‌സ്യത്തൊഴിലാളി കുടുബങ്ങള്‍ക്കും ലഭിക്കുന്നു. രാജ്യത്തെ സമുദ്ര മത്സ്യോല്പാദനത്തിന്റെ സ്ഥിതി വിലയിരുത്തുന്ന സി.എം.എഫ്.ആര്‍.ഐ - യെപ്പോലുള്ള കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പഠനങ്ങളും ഇത് ശരിവച്ചിട്ടുള്ളതാണ്. കേരളം സ്വീകരിച്ച മാതൃകാപരമായ ഇത്തരം നടപടികള്‍ എല്ലാ കടലോര സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട് - മന്ത്രി ചൂണ്ടിക്കാട്ടി.
- Log in to post comments