Skip to main content

നോർക്ക സേവനങ്ങളും ആനുകൂല്യങ്ങളും ചർച്ച ചെയ്ത് സരസ് സെമിനാർ

നോർക്ക നൽകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും  വിവരിച്ച് സരസ്‌മേള 2019ലെ നോർക്ക സെമിനാർ. നോർക്കയുടെ പദ്ധതികൾ പ്രവാസികൾക്കും പ്രവാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നവർക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിച്ച സെമിനാർ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്  ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക കുതിപ്പ് പ്രവാസികൾ വഴിയാണ്. അവരെ സംരക്ഷിക്കുക എന്നത്‌ നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

 

കുടുംബശ്രീ വഴി നോർക്കയുടെ സേവനങ്ങൾ ജനങ്ങളെ അറിയിക്കുക, പ്രവാസി ആകാൻ ആഗ്രഹിക്കുന്നവർക്കും  പ്രവാസികൾക്കും പ്രവാസിജീവിതം കഴിഞ്ഞവർക്കുമുള്ള പുനരധിവാസം തുടങ്ങിയ നോർക്കയുടെ പദ്ധതികളെകുറിച്ച് നോർക്ക അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ കെ ബാബു രാജൻ  സംസാരിച്ചു. പ്രവാസികൾക്ക് നോർക്ക റൂട്‌സ് വഴി ലഭിക്കുന്ന സേവനങ്ങൾ എന്ന വിഷയത്തിലായിരുന്നു സെമിനാർ. കൂടാതെ നോർക്കയുടെ ഒറ്റത്തവണ സ്വാന്തന പദ്ധതികൾ, പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരിച്ചെത്തിയ പ്രവാസികൾക്കുള്ള സ്വയംതൊഴിൽ സുസ്ഥിര വരുമാന പദ്ധതികൾ എന്നിവയെക്കുറിച്ചും സെമിനാറിൽ   വിശദീകരിച്ചു. സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചും വിവരിച്ച സെമിനാറിൽ നിരവധി ചോദ്യങ്ങളാണ് കാണികളിൽ നിന്നും  ഉയർന്നത്. പരിപാടിയുടെ ഭാഗമായി നടന്ന പ്രവാസിസംഗമത്തിൽ നിരവധിപേർ പങ്കെടുത്തു. 

 

date