Skip to main content
ഷെല്‍ട്ടര്‍ കിറ്റുകളുടെ വിതരണോത്ഘാടനം ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്  നിര്‍വഹിക്കുന്നു. എംഎല്‍എ എസ് രാജേന്ദ്രന്‍, ജി്ല്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ സമീപം

 പ്രളയ ദുരിതാശ്വാസ സഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ്

ജില്ലയിലെ പ്രളയബാധിതര്‍ക്ക്   റെഡ്ക്രോസ് എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി ഖത്തര്‍ റെഡ് ക്രസന്റ് സഹായവുമായി രംഗത്ത്.  പ്രളയ ദുരന്തബാധിതരായ 150 പേര്‍ക്ക്  താത്കാലികമായി താമസക്കാനാവശ്യമായ ഷെല്‍ട്ടര്‍ കിറ്റുകളാണ് ഖത്തര്‍ റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഷെല്‍ട്ടര്‍ കിറ്റുകളുടെ വിതരണോത്ഘാടനം ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്  നിര്‍വഹിച്ചു.
മണ്‍വെട്ടി, കൈക്കോട്ട്, ചുറ്റിക, പ്ലെയര്‍, ആണി, കയര്‍,തൂമ്പ, ടാര്‍പോളിന്‍ എന്നിവയടങ്ങിയ ഷെല്‍ട്ടര്‍ കിറ്റുകളാണ് വിതരണം ചെയ്തത്. പ്രളയത്തില്‍ വ്യപാകനാശമുണ്ടായ വാത്തിക്കുടി, വെള്ളത്തൂവല്‍, പെരിയാര്‍, ഉപ്പുതോട്, ഇടുക്കി, കഞ്ഞിക്കുഴി എന്നീ വില്ലേജുകളിലെ 18 കുടുംബങ്ങള്‍ക്ക് വീതവും മന്നാംങ്കണ്ടം, കൊന്നത്തടി വില്ലേജുകളിലെ 17 കുടുംബങ്ങള്‍ക്കുമാണ് ഷെല്‍ട്ടര്‍ കിറ്റുകള്‍ നല്‍കിയത്. എട്ടണ്ണം ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്കും സമര്‍പ്പിച്ചു.
ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് അന്തര്‍ദേശിയ സംഘടനയായ ഖത്തര്‍ റെഡ് ക്രസന്റ് ജില്ലയില്‍ സഹായങ്ങളെത്തിക്കുന്നത്.  ജില്ലയിലെ 100 പേര്‍ക്ക് ഖത്തര്‍ റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ ഭവന നിര്‍മ്മാണത്തിനും ജനുവരിയില്‍ തുടക്കമാകും. ജില്ലയിലെ അഞ്ച് താലൂക്കുകളിലും 20 വീടുകള്‍ വീതമാണ് ഖത്തര്‍ റെഡ് ക്രസന്റ് നിര്‍മിച്ചു നല്‍കുന്നത്.
യോഗത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, റെഡ് ക്രസന്റ് കേരള മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എസ്.രതീഷ്,  റെഡ് ക്രസന്റ് ഇന്ത്യ ഫിനാന്‍സ് ഹെഡ് രാമറാവു, യുഎന്‍ഡിപി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date