Skip to main content

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്ക് പ്രഖ്യാപനം ജനുവരിയില്‍ 

 

പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും സൗകര്യവുമൊരുക്കി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ അംഗീകാരത്തിലേക്ക്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളൊരുക്കിയത്. ഐ.എസ്.ഒ പ്രഖ്യാപനം ജനുവരിയിലുണ്ടാകും. മികച്ച സേവനം ലഭ്യമാക്കുന്നതിന് സാങ്കേതിക സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും വിപുലപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ അംഗീകാരത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പഴയതും പുതിയതുമായ ഫയലുകള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന റെക്കോര്‍ഡ് റൂം, അന്വേഷണ കൗണ്ടര്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.  ജീവനക്കാരുടെ ഹാജര്‍ നിലയും വിവിധ സേവനങ്ങളുടെ വിവരങ്ങളുമടങ്ങുന്ന ബോര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ബ്ലോക്കിലെത്തുന്നവര്‍ക്ക് റെസ്റ്റ് റൂം, കുടിവെള്ള സൗകര്യം, മുലയൂട്ടല്‍ കേന്ദ്രം, വായനാമുറി, സ്ത്രീ സൗഹൃദ ടോയ്ലറ്റ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും  റാംപുകളും ഒരുക്കിയതോടെ കെട്ടിടം പൂര്‍ണമായും ഭിന്നശേഷി സൗഹൃദവുമാക്കാന്‍ കഴിഞ്ഞു.  
ഐ.എസ്.ഒ അംഗീകാരം ലഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പിന് ശേഷം ജനുവരിയില്‍ തന്നെ പ്രഖ്യാപനവും നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുള്‍ കലാം മാസ്റ്റര്‍ അറിയിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പരിധിയില്‍ മൂന്നിയൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, പള്ളിക്കല്‍, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളും തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും ഉള്‍പ്പെടും. ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയരുന്നതോടെ ഈ മേഖലയിലുള്ള ജനങ്ങള്‍ക്കെല്ലാം ഗുണകരമാകും.
 

date