Skip to main content

നവകേരളത്തിന് പ്രവാസികളുടെ ആശയ നിക്ഷേപം അനിവാര്യം: ലോക കേരള മാധ്യമ സഭ

 

    'നവകേരള നിര്‍മിതിയ്ക്ക് പ്രവാസികളുടെ സാമ്പത്തിക നിക്ഷേപത്തോടൊപ്പം ആശയ നിക്ഷേപവും അത്യാവശ്യമാണ്. അതിന് സഹായിക്കേണ്ടത് പ്രവാസി മാധ്യമ പ്രവര്‍ത്തകരാണ്.''ലോക കേരള  മാധ്യമ സഭയയോടനുബന്ധിച്ച് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. നവകേരളമെന്ന ആശയവും നവ ഇന്ത്യ എന്ന ആശയവും വ്യത്യസ്തമായവയാണെന്ന് ലോക ജനതയെ അറിയിക്കാന്‍ ഇത് സഹായകരമാണ്.    കേരള പുനര്‍നിര്‍മിതിയ്ക്കായി ന്യൂയോര്‍ക്കില്‍ ആഗോള  സമ്മേളനം  നടത്തണമെന്ന  ആശയവും ചര്‍ച്ചയില്‍ വന്നു. ഇത്തരത്തിലുള്ള സമ്മേളനത്തില്‍ നിന്നും പ്രതിഭാശാലികളായ പ്രവാസികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.  ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ അതത് രാജ്യങ്ങളില്‍ തന്നെ കൂടുതല്‍ നിക്ഷേപിക്കേണ്ടി വരുന്നുണ്ട്. അവരില്‍ നിന്ന് കുറച്ചു കൂടി നിക്ഷേപം കേരളത്തില്‍ എത്തിക്കാന്‍ പ്രവാസി മാധ്യമങ്ങള്‍ക്ക് സാധിക്കും. 

    സംസ്ഥാനത്തിന്റെ ഭാവിയ്ക്കായി ദീര്‍ഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കേരളത്തില്‍ നിക്ഷേപം നടത്തി പരാജയപ്പെട്ട നിക്ഷേപകര്‍ക്കായി ഒരു സമ്മേളനം നടത്തി അതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലൂടെ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വിദേശികളില്‍ ബോധവത്കരണം നടത്തി  കേരളത്തിലെ സാധ്യതകള്‍ അവര്‍ക്ക് മുന്നിലെത്തിക്കാനും മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
 മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ കൈരളി ന്യൂസ് എഡിറ്റര്‍ എന്‍. പി. ചന്ദ്രശേഖരന്‍, പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ രാജേഷ് കുമാര്‍, ഇന്ത്യന്‍ പ്രസ്‌ക്ലബ്ബ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ് ജോര്‍ജ്ജ് എം കാക്കനാട്ട്, സുനില്‍ ട്രൈസ്റ്റര്‍, മധു കൊട്ടാരക്കര, സുനിത ദേവദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1378/2019)

 

date