Skip to main content

തുമ്പമണ്ണിലെ പാടങ്ങളെല്ലാം ഇനി കതിരണിയും

തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളോളം തരിശായിക്കിടന്നിരുന്ന 150 ഏക്കര്‍ പാടശേഖരങ്ങള്‍ കതിരണിയാന്‍ തയാറെടുക്കുന്നു. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിലാണ് നെല്‍പാടങ്ങളെ തരിശുരഹിതമാക്കിയത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ട് ഹെക്ടറില്‍ അധിക കൃഷി ഇറക്കിയാണ് ഗ്രാമത്തില്‍ സമ്പൂര്‍ണ നെല്‍കൃഷി സാധ്യമാക്കിയത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ അടങ്ങിയ ചെറുഗ്രൂപ്പുകളാണ് കൃഷി ഇറക്കിയത്. വിജയപുരം മാവര, മുട്ടം മാവര എന്നിവിടങ്ങളില്‍ പ്രാദേശിക കര്‍ഷക കൂട്ടായ്മകളും തുമ്പമണ്‍ മാവരയില്‍ കുട്ടനാട്ടില്‍ നിന്നെത്തിയ കര്‍ഷകസംഘവുമാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ എട്ട് ഏക്കറോളം നെല്‍കൃഷി ചെയ്തു. സമ്പൂര്‍ണ നെല്‍കൃഷി സാധ്യമാക്കാന്‍ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും പഞ്ചായത്ത് ഭരണ സമിതിയുടെ പൂര്‍ണ പിന്തുണ ഇതിനായി ലഭിച്ചുവെന്നും തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ് പറഞ്ഞു. 50 ഏക്കറില്‍ ഉടമസ്ഥര്‍ തന്നെ കൃഷിയിറക്കിയത് തരിശുരഹിത കൃഷി്ക്ക് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഗ്രാമീണ്‍ ബാങ്കില്‍ നിന്നും നാല് ശതമാനം പലിശയില്‍ വായ്പ ലഭിച്ചതും കൃഷി വ്യാപനത്തിന് ശക്തി പകര്‍ന്നു. കൂടാതെ കൃഷി വകുപ്പില്‍ നിന്ന്  വിത്തും വളവും സൗജന്യമായി നല്കുകയും ചെയ്തു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ എല്ലാ സഹായങ്ങളും കൃഷി വകുപ്പില്‍ നിന്ന് ലഭ്യമാക്കുമെന്ന് കൃഷി ഓഫീസര്‍ എസ്.പുഷ്പ പറഞ്ഞു. ഇതിനായി പുരയിട കൃഷി വ്യാപിപ്പിക്കുകയാണെന്നും നടീല്‍ വസ്തുക്കള്‍ നല്‍കുമെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.

 

date