നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും 111 കെയർഹോം വീടുകളുടെ താക്കോൽദാനവും 13 ന്
കയ്പമംഗലം പഞ്ചായത്ത് നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 111 കെയർഹോം വീടുകളുടെ താക്കോൽദാനവും എംസിഎഫ് ഉദ്ഘാടനവും ജനുവരി 13 ന് നടക്കും. കയ്പമംഗലം ഗ്രാന്റ് ഓഡിറ്റോറിയത്തിൽ വൈകീട്ട് 3ന് നടക്കുന്ന താക്കോൽദാനവും കെട്ടിടോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. എംസിഎഫ് ഉദ്ഘാടനം ബെന്നി ബെഹന്നാൻ എംപി നിർവ്വഹിക്കും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, മുൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം അഹമ്മദ് എന്നിവർ മുഖ്യാതിഥിയാകും. ഡിഡിപി ജോയ് ജോൺ വിശിഷ്ടാതിഥിയാകും. പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യമായ സേവനം ഉറപ്പുവരുത്താനാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫ്രണ്ട് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിടപ്പാടമില്ലാത്ത 111 പേർക്ക് കേയർഹോം നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക് ശേഖരണത്തിനായി എം.സി.എഫും പഞ്ചായത്തിൽ പണി തീർത്തത്.
- Log in to post comments