മുസിരിസ് ബാക്ക് വാട്ടർ പാഡിൽ 2020 ന് ഇന്ന് (ജനു. 4) തുടക്കം
മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെയും കേരള ടൂറിസത്തിന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്ഥാനമായ ജെല്ലിഫിഷ് വാട്ടർ സ്പോർട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുസിരിസ് ബാക്ക് വാട്ടർ പാഡിൽ 2020 ന് ഇന്ന് (ജനുവരി 4) തുടക്കം. വിവിധയിനം കയാക്കിങുകളിലും, പായ് വഞ്ചികളിലുമായി നടത്തുന്ന മുസിരിസ് പാഡിലിന്റെ മൂന്നാം പതിപ്പാണ് രണ്ട് ദിവസങ്ങളിലായി കോട്ടപ്പുറം കായലിൽ നടക്കുക. മുസിരിസ് പാഡിൽ 2020 എന്ന പേരിൽ സാഹസികമായി നടത്തുന്ന നദീസംരക്ഷണ ബോധവൽക്കരണ യാത്രയ്ക്ക് കോട്ടപ്പുറം ജെട്ടിയിൽ നിന്നും തുടക്കം കുറിക്കും. ഓസ്ട്രേലിയൻ നാഷണൽ ജിയോഗ്രാഫി അഡ്വഞ്ചർ ഓഫ് ദി ഇയർ 2017 ജേതാവും, ഒറ്റയ്ക്ക് കയാക്കിങിൽ സഞ്ചരിച്ച് ഖ്യാതി നേടിയ ഓസ്ട്രേലിയൻ വനിതാ താരവുമായ സാൻഡി റോബ്സനാണ് യാത്രക്ക് നേതൃത്വം വഹിക്കുന്നത്. രാവിലെ 8 മണിക്ക് വി. ആർ. സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ കീഴിലുള്ള ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടായിരിക്കും യാത്ര. വിദേശികളും സ്വദേശികളുമായ തുടക്കക്കാരും പരിചയസമ്പന്നരുമടക്കം നിരവധിപേർ പങ്കെടുക്കുന്ന ഒരു ദീർഘദൂര പാഡിങ്ങ് പരിപാടിയാണിത്.
ജനുവരി 5 വൈകീട്ട് 4 ന് എറണാകുളം ബോൽഗാട്ടി ജെട്ടിയിൽ എത്തുന്നതോടെ രണ്ട് ദിവസത്തെ സാഹസിക യാത്രക്ക് പരിസമാപ്തിയാകും. ഹൈബി ഈഡൻ എംപി സാഹസികരെ ബോൾഗാട്ടിയിൽ സ്വീകരിക്കും. എറണാകുളം ജില്ലാ കളക്ടർ സുഹാസും തുഴയെറിയാൻ സംഘാംഗങ്ങൾക്കൊപ്പം ചേരും. 40 കിലോമീറ്റർ ദൂരമാണ് രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കുക. കയാക്കിംഗ്, സെയ്‌ലിംഗ്, കനോയിങ് തുടങ്ങിയ വാട്ടർ സ്പോർട്ട്സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ രംഗത്തെയും വിദഗ്ധർ പങ്കെടുക്കും. പ്രാദേശിക - അന്തർദേശീയ വിനോദസഞ്ചാരികൾ, ഏത് പ്രായത്തിലുമുള്ള വാട്ടർ സ്പോർട്സ് പ്രേമികൾ, മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, തുടങ്ങി നീന്തൽ അറിയാത്തവർക്കും ഇതിൽ പങ്കുചേരാം. പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. നമ്മുടെ ജലവിതാനങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങളൾക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.
നൂറിലധികം പേർ പങ്കെടുക്കുന്ന യാത്രയിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന രീതിയിലാണ് പാഡിൽ. വിവിധ വിനോദ പരിപാടികളും ജനസമൂഹവുമായി ചേർന്നുള്ള ഇടപെടലുകളും യാത്രയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. 3000 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ കാഴ്ചകൾ കാണാനുള്ള അവസരവും യാത്രക്കാർക്ക് നൽകും. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ, പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, മാർക്കറ്റിങ്ങ് മാനേജർ അൻഷാദ് അലി എന്നിവർ പങ്കെടുക്കും.
- Log in to post comments