Skip to main content
ഉപ്പുതോട്  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാഫലകം ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍  അനാച്ഛാദനം ചെയ്യുന്നു.

ഓഫീസുകള്‍ക്കൊപ്പം ഉദ്യോഗസ്ഥരും സ്മാര്‍ട്ടാവണം: ജില്ലാ കളക്ടര്‍

സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്; എന്നാല്‍ ഓഫീസുകള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ കൂടി സ്മാര്‍ട്ടാവുമ്പോള്‍ മാത്രമേ സര്‍ക്കാര്‍ പദ്ധതികള്‍ ജനോപകാരപ്രദമാവുകയുള്ളുവെന്നും ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ . ഉപ്പുതോട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി ഉയര്‍ത്തുന്നതിന് ജനകീയ സമിതി കണ്ടെത്തിയ സ്ഥലത്തിന്റെ രേഖകള്‍ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി ഏഴ് സെന്റ് സ്ഥലമാണ് ആവശ്യമായത്. ഇതില്‍ ഉപ്പുതോട്  സെന്റ് ജോസഫ് പള്ളി  നാല് സെന്റും, ബെനടിക്ട് ഇടശ്ശേരിക്കുന്നേല്‍, പി.എം.ജോസഫ് പുളിക്കല്‍, എന്നിവര്‍ ചേര്‍ന്ന് മൂന്നുസെന്റ് സ്ഥലവും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന്  സൗജന്യമായി  നല്‍കി. നിലവിലെ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലം  പുതിയ കെട്ടിട സമുച്ഛയം നിര്‍മ്മിക്കാന്‍ പര്യാപ്തമല്ലാത്തതിനാലാണ് പുതുതായി  സ്ഥലം ഏറ്റെടുത്തത്.  

ഉപ്പുതോട് സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു.  ഫാ ഫിലിപ്പ് പെരുന്നാട്ട് മുഖ്യപ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്തംഗങ്ങളായ തോമസുകുട്ടി ഔസേഫ്, സീമോന്‍ വാസു, ജൂബി ഫിലിപ്പ്, സണ്ണി ജോണ്‍, ജനകീയ സമിതി ചെയര്‍മാന്‍ രജ്ഞിത്ത് എന്‍.എസ്, കണ്‍വീനര്‍ സണ്ണി പുല്‍ക്കൂന്നേല്‍, ട്രഷറര്‍ തോമസ് കുഴിയംപ്ലാവില്‍, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, ഉപ്പുതോട് വില്ലേജ് ഓഫീസര്‍ സിബി  തോമസ്   തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയ സമിതി അംഗങ്ങളും, വിവിധ രാഷ്ടിയ കക്ഷി നേതാക്കളും അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date