Skip to main content

ചെറുപറമ്പ് ശുദ്ധജല പദ്ധതിയുടെ കുടിവെള്ള ടാങ്ക്   നാടിന് സമര്‍പ്പിച്ചു

ജല ലഭ്യതക്ക് മുകളില്‍ കുടിവെള്ള കണക്ഷനുകള്‍ അനുവദിക്കുന്നതാണ് ചെറുകിട ജല പദ്ധതികള്‍ പരാജയപ്പെടാനിടയാകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. മാങ്ങാട്ടുപുലം പാലോളിയില്‍ ചെറുപറമ്പ് ശുദ്ധജല പദ്ധതിയുടെ കുടിവെള്ള ടാങ്ക്  നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജലലഭ്യത മനസ്സിലാക്കി മാത്രമേ കൂടുതല്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാവു എന്നും ചെറുകിട ജല പദ്ധതികള്‍ പലതും പരാജയപ്പെടാന്‍ കാരണം ഈ പരിശോധന നടത്താത്തതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. 
ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നും അനുവദിച്ച 28 ലക്ഷം രൂപ ചെലവഴിച്ചാണ് ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരു ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാനാവുന്ന ടാങ്കില്‍ നിന്നും നിലവില്‍ 150 കുടുംബങ്ങള്‍ക്കാണ് സേവനം ലഭ്യമാകുക. കൂടുതല്‍ കുടുംബങ്ങള്‍ക്ക് ജല ലഭ്യതക്കനുസരിച്ച് ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിയെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാദേവി,  പഞ്ചായത്ത് മെമ്പര്‍ പി.കെ ഷരീഫ, കോഡൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി അനില്‍കുമാര്‍,കെ.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
 

date