Skip to main content

ബാലഭിക്ഷാടനം ഇനിയില്ല ശരണബാല്യം പദ്ധതി ജില്ലയില്‍ തുടങ്ങുന്നു

    ബാലവേല,ബാലഭിക്ഷാടനം, തെരുവ് ബാല്യ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതി ജില്ലയിലും തുടങ്ങുന്നു. ജില്ലയിലെ വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഭിക്ഷാടനത്തിനും ബാലവേലക്കുമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും  കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍  പ്രത്യേക സ്‌ക്വാഡുകള്‍ ഇതിനായി  രൂപീകരിക്കും. സ്‌ക്വാഡുകള്‍  പരിശോധന നടത്തി  കണ്ടെത്തുന്ന കുട്ടികളെ ശരണബാല്യം പദ്ധതിയിലൂടെ പുനരധിവസിപ്പിക്കും. ചൈല്‍ഡ് റസ്‌ക്യു ടീമുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുന്ന കുട്ടികളുടെ ഡി.എന്‍.എ ടെസ്റ്റുകള്‍ നടത്തി കൂടെയുള്ളത് രക്ഷാകര്‍ത്താക്കളാണെന്ന് ഉറപ്പു വരുത്തും.
    നിലവില്‍ ഭിക്ഷാടനത്തിനും ബാലവേലക്കുമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന  പെണ്‍കുട്ടികളടക്കമുളള കുട്ടികള്‍ മതിയായ സുരക്ഷിതത്വമില്ലാത്ത ഇടങ്ങളിലാണ് താമസം. ഇത്തരം സാഹചര്യങ്ങള്‍ കുട്ടികളെ ലൈംഗീക ചൂഷണത്തിലേക്ക് തള്ളിവിടുന്നു. കുട്ടികളെ ലൈംഗികമായുള്ള ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാന്‍ ശരണബാല്യം പദ്ധതിയുടെ പ്രവര്‍ത്തനം ജില്ലയില്‍  കാര്യക്ഷമമായി വ്യാപിപ്പിക്കും. ഇതര സംസ്ഥാനങ്ങള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം സ്‌ക്വാഡുകള്‍ പരിശോധന നടത്തും. ഇതിനു മുന്നോടിയായി കളക്‌ട്രേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയുടെയും ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ സാന്നിധ്യത്തില്‍  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി യോഗം ചേര്‍ന്നു.ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. ശിശുക്ഷേമ സമിതി സെക്രട്ടറി പി.സുരേഷ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്‍സണ്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date