Skip to main content

ആനക്കുട്ടി പിഞ്ചുവിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി കെ. രാജു

കോന്നി ആനത്താവളത്തിലെ അസുഖബാധിതമായ പിഞ്ചു എന്ന ആനകുട്ടിക്ക് വനംവകുപ്പ് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് വനം ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കോന്നി ആനത്താവളത്തിലെത്തി പിഞ്ചുവിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 'ഏകദേശം  നാലര വയസ് പ്രായം വരുന്ന പിഞ്ചുവിന് പേരിട്ടത് ഞാനാണ്. കാലില്‍ ജന്‍മനാ ഉണ്ടായ വൈകല്യമാണ് ആനയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചതും കാലിലേക്ക് നീര് പടരാന്‍ കാരണമായതെന്നും വെറ്ററിനറി  മെഡിക്കല്‍ സംഘം അറിയിച്ചിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ട് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ വിദഗ്ധ ചികിത്സ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും'- മന്ത്രി പറഞ്ഞു.

കാലിലുണ്ടായ നീര് മൂലം എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ആനകുട്ടിക്ക് വനംവകുപ്പ് മികച്ച ചികിത്സ ഉറപ്പാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എഴുന്നേറ്റിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ആനയ്ക്ക്  വിദഗ്ധ ചികിത്സ നല്‍കണമെന്ന വനംവകുപ്പ്  മന്ത്രി കെ രാജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ശശീന്ദ്ര ദേവ്, ഡോ ബിനു ഗോപിനാഥ്, ഡോ ശ്യാം ചന്ദ്രന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 2016ല്‍ അച്ചന്‍കോവില്‍ വനമേഖലയിലെ കടമ്പുപാറയില്‍ നിന്ന് കൂട്ടം തെറ്റിയാണ് വനംവകുപ്പിന് പിഞ്ചുവിനെ ലഭിച്ചത്. 2017ല്‍ പിഞ്ചുവിന് ഹെര്‍പിസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയും വനംവകുപ്പിന്റെ മികച്ച ചികിത്സയും സംരക്ഷണവും കൊണ്ട് ആനകുട്ടി രക്ഷപെടുകയുമായിരുന്നു.

കോന്നി ഡി എഫ് ഒ ശ്യാം മോഹന്‍ലാല്‍, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ് ഫസലുദീന്‍, വെറ്ററിനറി സര്‍ജന്‍, സി പി ഐ ജില്ലാ സെക്രട്ടറി എപി ജയന്‍, സി പി ഐ സംസ്ഥാന കൗണ്‍സിലംഗം പി ആര്‍ ഗോപിനാഥന്‍, സി പി ഐ ജില്ലാ എക്്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം പി മണിയമ്മ, അഡ്വ കെ ജി രതീഷ് കുമാര്‍, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എ ദീപകുമാര്‍, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

 

date