Skip to main content

ജലനിധി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്ചു

ഗ്രാമീണ കുടിവെള്ള മേഖലയില്‍ നടപ്പിലാക്കിവരുന്ന ജലനിധി പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി സമര്‍പ്പിച്ച 1007 കോടി രൂപയുടെ പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സാമ്പത്തിക കാര്യവിഭാഗം ശുപാര്‍ശ ചെയ്ത് ലോക ബാങ്കിന് അയച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.

1007 കോടി രൂപയുടെ പുതിയ പദ്ധതിയില്‍ 645 കോടി രൂപ ലോകബാങ്കിന്റെ സഹായമായും, 191 കോടി രൂപ സംസ്ഥാന വിഹിതമായും 121 കോടി രൂപ പഞ്ചായത്ത് വിഹിതമായും 50 കോടി രൂപ ഗുണഭോക്തൃ വിഹിതമായും കണക്കാക്കിയിട്ടുണ്ട്. ജലനിധി രണ്ടാംഘട്ടത്തില്‍ ഡോളര്‍-രൂപ നിരക്കിലുണ്ടായ വ്യതിയാനം മൂലം വായ്പ തുക കുറഞ്ഞതിനെത്തുടര്‍ന്ന് ഏറ്റെടുക്കുവാന്‍ കഴിയാത്ത രണ്ട് ബൃഹത് കുടിവെള്ള പദ്ധതികളും, മറ്റു മൂന്നു പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായി കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികളും ഏറ്റെടുത്തു പൂര്‍ത്തിയാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചത്. ഇതിനുപുറമേ കേരള വാട്ടര്‍ അതോറിറ്റിയില്‍ മിച്ചമുള്ള ജലം ഉപയോഗിച്ച് 50 പഞ്ചായത്തുകളില്‍ പുതിയ വിതരണശൃംഖല വഴി കുടിവെള്ളം എത്തിക്കുന്നതിനും പുതിയ പദ്ധതി വിഭാവനം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുതിയ പദ്ധതി ഉദ്ദേശിക്കുന്നു. ജലനിധിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.  2018 ഡിസംബറില്‍ അവസാനിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 75 ശതമാനത്തിലധികം പൂര്‍ത്തിയായി. ഇതിലൂടെ അഞ്ചര ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സാധിച്ചു.

ഇതിനുപുറമേ 1.25 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന മാള ഉള്‍പ്പെടെയുള്ള ആറു പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി പണി പൂര്‍ത്തിയാക്കി കമ്മീഷനിംഗിനു തയ്യാറെടുക്കുകയാണ്. കൂടാതെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി  നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ രണ്ട് ബൃഹദ് കുടിവെള്ള പദ്ധതികളിലായി 80,000 പേര്‍ക്കും കൂടി മാസങ്ങള്‍ക്കുള്ളില്‍ കുടിവെള്ളം എത്തിക്കാനാവും. അഞ്ഞൂറോളം ചെറുകിട കുടിവെള്ള പദ്ധതികള്‍ മെയ് മാസത്തിനു മുമ്പ് കമ്മീഷന്‍ ചെയ്യുന്നതിലൂടെ രണ്ട് ലക്ഷം പേര്‍ക്കും, അടിമാലി, ലക്കിടി പേരൂര്‍, ഉറുങ്ങാട്ടിരി, അയ്മനം തുടങ്ങിയ ഏഴ് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ 90,000 പേര്‍ക്കും കൂടി കുടിവെള്ളം എത്തിക്കാന്‍ കഴിയും. രണ്ടാംഘട്ട പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആകെ 11.5 ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും 3.7 ലക്ഷം പേര്‍ക്ക് സാനിട്ടേഷന്‍ സൗകര്യം എത്തിക്കുന്നതിനും  സാധിക്കുമെന്ന് കെ.ആര്‍.ഡബ്ല്യു.എസ്.എ (KRWSA) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  

പി.എന്‍.എക്‌സ്.319/18

date