Skip to main content

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

 

 

 

 

 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ സമാനതകളില്ലാത്ത മാതൃകയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ കഴിയും. മുടങ്ങിക്കിടന്ന വീടുകള്‍ അടച്ചുറപ്പുള്ളതാക്കി മാറ്റാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ക്കാണ് സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതി ആദ്യഘട്ടത്തില്‍ തുണയായത്. ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ച് വിവിധ കുടുംബങ്ങളെ ഇതിലേക്ക് മാറ്റുമ്പോള്‍ അവിടെ തന്നെ താമസിച്ച് തൊഴിലെടുക്കാനുള്ള അവസരം കൂടി നടപ്പാക്കും. രണ്ടു ലക്ഷം വീടുകളാണ് ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. ഇതിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി നടത്താനൊരുങ്ങുകയാണ്. വികസനം ജനങ്ങളുടെ ഉത്സവമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 198 വീടുകളാണ് ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ചത്. പൂര്‍ത്തീകരിക്കാതെ കിടന്ന 99 വീടുകളാണ് ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ ഏഴ്, ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ 72, ഫറോക്ക് നഗരസഭയില്‍ ഒന്‍പത്, രാമനാട്ടുകര നഗരസഭയില്‍ 11 വീടുകളുമാണ് ഉണ്ടായിരുന്നത്. പട്ടികജാതി വികസന വകുപ്പ് വഴി 18 വീടുകളും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തിലും 99 വീടുകളാണ് പൂര്‍ത്തീകരിച്ചത്. 

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ടി ടി ഷോളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈഫ് ഗുണഭോക്താവ് റീജ അനുഭവം പങ്കുവെച്ചു. പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തിയ ബിഡിഒ, ഹൗസിംഗ് ഓഫീസര്‍, വിഇഒമാര്‍ എന്നിവരെ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അജയകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. 

 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഹസീന, ജില്ലാ പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ റംല പുത്തലത്ത്, പി ജി വിനീഷ്, ദിനേശ് ബാബു അത്തോളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, ഇമ്പിച്ചിക്കോയ, സതീദേവി, രമണി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം ഷീന, ബ്ലോക്ക് ആസൂത്രണ സമിതി അംഗം രവീന്ദ്രന്‍ പറശേരി, കോഴിക്കോട് അസി. ഡെവലപ്മെന്റെ കമിഷണര്‍ (പിഎ) സുബ്രഹ്മണ്യന്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ കെ കൃഷ്ണകുമാരി, വിവിധ രാഷ്ടീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

കുടുംബസംഗമത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അദാലത്തും സംഘടിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്തുകള്‍, കൃഷി വകുപ്പ്, സിവില്‍ സപ്ലൈസ്, സാമൂഹ്യനീതി വകുപ്പ്, ഫിഷറീസ്, ക്ഷീരവികസന വകുപ്പ്, ഐടി (അക്ഷയ) തുടങ്ങിയ വകുപ്പുകളാണ് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അദാലത്തില്‍ കൗണ്ടറുകള്‍ ഒരുക്കിയത്.

date