Skip to main content

കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ ചരിത്രപഠന കേന്ദ്രമാക്കി മുസിരിസിനെ മാറ്റും: മന്ത്രി ഡോ. തോമസ് ഐസക്

കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള ചരിത്രപഠനകേന്ദ്രമാക്കി മുസിരിസിനെ മാറ്റുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം കോട്ടയിൽ സംഘടിപ്പിച്ച പൈതൃക നടത്തം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് ചരിത്രത്തേയും പൈതൃകത്തെയും മനസ്സിലാക്കി പഠിക്കുവാൻ മൂന്നോ നാലോ ദിവസത്തെ താമസസൗകര്യം ഒരുക്കി നൽകിയാണ് പദ്ധതി നടപ്പിലാക്കുക. കുട്ടികൾ ക്ലാസ് മുറികളിൽ മാത്രം ഇരുന്ന് പഠിക്കേണ്ടേവരല്ല. കൊടുങ്ങല്ലൂരിലെ ചരിത്രസ്മാരകങ്ങൾ ഓരോ കാലഘട്ടങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ്. മൂന്നോ നാലോ ദിവസത്തെ നടത്തം കൊണ്ട് കേരള ചരിത്രം ഏറെക്കുറെ കുട്ടികൾക്ക് മനസ്സിലാക്കി നൽകുക എന്നതാണ് ലക്ഷ്യം. അനൗപചാരിക വിദ്യാഭ്യാസമാണ് ഇതിലൂടെ നടപ്പാക്കുക. കുട്ടികൾക്ക് വിശദമായി മനസ്സിലാക്കാൻ കോട്ടപ്പുറം കോട്ടയിൽ ഒരു കിയോസ്‌ക് സ്ഥാപിക്കണമെന്ന് മന്ത്രി മുസിരിസ് പൈതൃക പദ്ധതി അധികൃതരോട് നിർദേശിച്ചു. അനൗപചാരിക ചരിത്ര പഠനോപാധി എന്ന നിലയിൽ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണ് കോട്ടപ്പുറം കോട്ടയിൽ നടന്നത്.
വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, തീരദേശ പൈതൃക ഡയറക്ടർ പ്രൊഫ. ഡോ. കേശവൻ വെളുത്താട്ട്, മുസിരിസ് പൈതൃക പദ്ധതി കൺസർവേഷൻ കൺസൾട്ടന്റ് ബെന്നി കുര്യാക്കോസ്, ഉപദേശക സമിതി അംഗം റൂബിൻ ഡിക്രൂസ്, മുസിരിസ് പ്രൊജക്ട് എം ഡി പി.എം. നൗഷാദ്, കെസിഎച്ച്ആർ ചെയർമാൻ പ്രൊഫ. മൈക്കിൾ തരകൻ എന്നിവർ പങ്കെടുത്തു.

date