നിയസഭാസമിതി ചർച്ച നടത്തി വീണ്ടെടുക്കണം മലയാളപെരുമ നിർദ്ദേശങ്ങളുമായി എഴുത്തുകാർ
മലയാളത്തിന്റെ പദസമ്പത്ത് വർദ്ധിപ്പിച്ചും തനിമ നിലനിർത്തിയുമാവണം ഔദ്യോഗികഭാഷയായി മാറ്റേണ്ടതെന്ന് എഴുത്തുകാരും സാംസ്കാരികനായകരും. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി നിയമസഭാസമിതി എഴുത്തുകാരുമായി തൃശൂരിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്. 22 എഴുത്തുകാരാണ് സഭാസമിതിക്ക് മുൻപാകെ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് സഭാസമിതി നടത്തിയ ആദ്യ സിറ്റിംഗിന്റെ തുടർച്ചയായാണ് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയെ കൂട്ടിയിണക്കുന്ന ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് നിലനിൽക്കുമ്പോൾ തന്നെ അദ്ധ്യയന മാധ്യമം വിദേശഭാഷയാകരുതെന്ന് ഡോ. എം ലീലാവതി പറഞ്ഞു. പദങ്ങൾ വികസിക്കേണ്ടത് ഏത് ഭാഷയുടേയും നിലനിൽപ്പിന് അത്യാവശ്യമാണ്. ഇംഗ്ലീഷ് സാങ്കേതികപദങ്ങൾ കൂടി സ്വാംശീകരിക്കുന്ന മലയാളം ഉണ്ടാവുന്നതിൽ പരിഭ്രമിക്കേണ്ടതില്ല. അതിലൂടെ മലയാള ഭാഷ സമ്പന്നമാവുകയാണ് ചെയ്യുകയെന്നും എം ലീലാവതി അഭിപ്രായപ്പെട്ടു.
മലയാളം ഭരണഭാഷയാകുമ്പോൾ ആവശ്യാധിഷ്ഠിത പദങ്ങളേ ഉണ്ടാവൂയെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ രോഗികളോടും കോടതികളിൽ കക്ഷികളോടും അന്യഭാഷ ഉപയോഗിരക്കുന്നത് ജനാധിപത്യപരമായ ആശയവിനിമയം തടസ്സപ്പെടുത്തുന്നു. ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കാനുളള ശ്രമങ്ങൾ നടക്കുമ്പോൾ സ്വന്തം ഭാഷയെ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ ആവശ്യം പ്രാദേശിക ഭാഷാ സമൂഹങ്ങൾക്കുണ്ട്. നന്നായി ഉച്ഛരിക്കാൻ ശിക്ഷണം നൽകാത്ത വിദ്യാലയങ്ങൾ ഭാഷയെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഇതരഭാഷകളിലെ സാങ്കേതിക പദങ്ങളെ കൂടി ഉൾക്കൊളളാൻ മലയാളത്തിന് കഴിയുമെന്നും സാറാ ജോസഫ് പറഞ്ഞു.
മലയാള ഭാഷയെ ഔദ്യോഗിക ഭാഷായാക്കുന്നതിനുളള ഇച്ഛാശക്തി ഉണ്ടാവണമെന്ന് മാടമ്പ് കുഞ്ഞികുട്ടൻ പറഞ്ഞു. പുതിയ പദങ്ങൾ കണ്ടെത്താൻ ഉത്സാഹം വേണം. കോടതികളിൽ മലയാള ഭാഷ ഉപയോഗിക്കുന്നത് അസാധ്യമാണെന്ന പ്രതീതി ബോധപൂർവ്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് ആഷാ മേനോൻ അഭിപ്രായപ്പെട്ടു. നിയമനങ്ങൾക്കുളള അഭിമുഖങ്ങളിലും പരീക്ഷകളിലും മലയാളത്തിൽ ചോദ്യങ്ങൾ ഉണ്ടാവണം.
പുതിയ പദങ്ങൾ കണ്ടെത്താനുളള ശ്രമം കൂട്ടായി നടത്തണമെന്ന് സന്തോഷ് എച്ചിക്കാനം പറഞ്ഞു. മാറ്റമുണ്ടാവേണ്ടത് വിദ്യാഭ്യാസ മേഖലയിൽ നിന്നാണ്. സാങ്കേതിക പദങ്ങൾക്ക് തുല്യമായ പദങ്ങൾ ഉണ്ടാവാൻ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും നടക്കുന്നതു പോലുളള ശ്രമങ്ങൾ കേരളത്തിലും ഉണ്ടാവണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നാട്ടുഭാഷാ നിഘണ്ടു ഉണ്ടാക്കണം. മലയാള ഭാഷയുടെ ഓഡിറ്റ് നടത്തണമെന്ന് പി എൻ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. എത്ര പദങ്ങൾ കൊഴിഞ്ഞുപോയി എന്ന് പരിശോധിക്കണം. സംസ്കൃതവും ഇംഗ്ലീഷും തമിഴുമുൾപ്പെടെയുളള ഒട്ടേറെ ഭാഷകളോട് സംവദിച്ചാണ് മലയാളം വളർന്നത്. സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെങ്കിൽ ഭരണഭാഷ മലയാളമാവണമെന്നും ഗോപികൃഷ്ണൻ പറഞ്ഞു.
ബാലചന്ദ്രൻ വടക്കേടത്ത്, കലവൂർ രവികുമാർ, സാവിത്രി ലക്ഷ്മൺ, സംഗീത ശ്രീനിവാസൻ, കെ വി അഷ്ടമൂർത്തി, കെ വി രാമകൃഷ്ണൻ, വി പി വാസുദേവൻ, ജോർജ്ജ് ഇമ്മട്ടി, സന്ധ്യ, കൽപ്പറ്റ ബാലകൃഷ്ണൻ, ഡോ. ഷൊർണൂർ കാർത്തികേയൻ, വി ബി ജ്യോതിരാജ്, റോഷ്നി സ്വപ്ന, എം ഡി രത്നമ്മ, സെബാസ്റ്റ്യൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഇ എസ് ബിജിമോൾ അദ്ധ്യക്ഷയായ നിയമസഭാസമിതിയുടെ സിറ്റിംഗിൽ എംഎൽഎമാരായ കെ സി ജോസഫ്, ടി വി ഇബ്രാഹിം, യു ആർ പ്രദീപ് എന്നിവർ പങ്കെടുത്തു. എഴുത്തുകാരുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി നിയമസഭക്ക് സ്പീക്കർക്ക് സമർപ്പിക്കുമെന്ന് ഇ എസ് ബിജിമോൾ എംഎൽഎ അറിയിച്ചു.
- Log in to post comments