Skip to main content

ലൈഫ് മിഷനിൽ വീടുകൾക്ക് പുറമെ ജീവനോപാധിയും : കെ.യു.അരുണൻ എം.എൽ.എ

ലൈഫ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് വീടുകൾക്ക് പുറമെ അന്തസാർന്ന തൊഴിൽ ജീവനോപാധികളും ലഭ്യമാക്കുമെന്ന് കെ.യു. അരുണൻ എം.എൽ.എ. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ലൈഫ്മിഷൻ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പങ്കാളിത്തമാണ് പദ്ധതി കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്പെടാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാസ്റ്റിക് വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ലൈഫ്മിഷൻ ഗുണഭോക്താക്കൾക്ക് തുണി സഞ്ചിയും വ്യക്ഷത്തൈകളും വിതരണം ചെയ്തു. ഇരിങ്ങാലക്കുട ഗവ.ഗേൾസ് സ്‌കൂൾ വിദ്യാർത്ഥികളും മുനിസിപ്പൽ ജീവനക്കാരും ചേർന്ന് പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ സ്‌കിറ്റുകൾ അവതരിപ്പിച്ചു.
ഇരിങ്ങാലക്കുടയിൽ ആദ്യ രണ്ട് ഘട്ടങ്ങളിലായി ആകെ 663 വീടുകളുടെ നിർമ്മാണമാണ് ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ലൈഫ് മിഷന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പണി പൂർത്തീകരിക്കുകയും തുടർന്ന് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുകയുമാണ് ചെയ്തത്. അടുത്തഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്കാണ് വീടുകൾ നിർമ്മിച്ചു കൊടുക്കുക. 20ഓളം വകുപ്പുകൾ കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന അദാലത്തിൽ പങ്കെടുത്തു. അദാലത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ തുണി സഞ്ചികൾ, തുണികൊണ്ട് നിർമ്മിച്ച ഫയലുകൾ, നിരവധി ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രത്യേകം സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു. വിവിധ വകുപ്പുകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് എന്നിവയിലെ തെറ്റുതിരുത്തൽ, കുടുംബശ്രീ വകുപ്പ് ഒരുക്കുന്ന സ്വയംതൊഴിൽ പദ്ധതി രജിസ്ട്രേഷനും ബോധവൽക്കരണവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വാർധക്യകാല പെൻഷൻ, കർഷിക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ, തൊഴിൽ രഹിത വേതനം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും അദാലത്തിൽ ഒരുക്കിയിരുന്നു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈസർ ആർ.സജീവ് പദ്ധതി വിശദീകരിച്ചു.

date