ചാവക്കാട് നഗരസഭ ലൈഫ് മിഷൻ കുടുംബസംഗമം: 444 കുടുംബങ്ങൾക്ക് നഗരസഭയുടെ സമ്മാനങ്ങളും
ലൈഫ് മിഷൻ മുഖേന ഭവന നിർമ്മാണം പൂർത്തീകരിച്ച 444 ഗുണഭോക്താക്കൾക്ക് ജീവനോപാധികൾ ലഭ്യമാക്കുന്നതിന് ചാവക്കാട് നഗരസഭ കുടുംബസംഗമവും അദാലത്തും നടത്തി. തിരുവത്ര ടി. എം മഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കെ. വി. അബ്ദുൾഖാദർ എംഎൽഎ നിർവഹിച്ചു. കുടുംബ സംഗമത്തിനെത്തിയ 444 കുടുംബങ്ങൾക്കും നഗരസഭ സമ്മാനങ്ങൾ നൽകി. നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം 920 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഇതിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച് താമസമാക്കിയ 444 ഗുണഭോക്താക്കളുടെ കുടുംബസംഗമമാണ് നടന്നത്. ഏറ്റവും വേഗത്തിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് നേരത്തെയും നഗരസഭ സമ്മാനങ്ങൾ നൽകി അനുമോദിച്ചിരുന്നു.
ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയാണ് ലൈഫ് മിഷൻ. വീടിനൊപ്പം വിവിധ വകുപ്പുകളുടെ സ്റ്റാളുകളോടെയുള്ള അദാലത്തും കുടുംബ സംഗമങ്ങളിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ബാങ്ക് സേവനങ്ങൾ, കൃഷി, ആരോഗ്യം, കുടുംബശ്രീ, ഐ.ടി വനിതാ ശിശു വികസന ക്ഷേമ വകുപ്പ് തുടങ്ങി പതിനെട്ടോളം വകുപ്പുകളുടെ സേവനമാണ് ചാവക്കാട് നഗരസഭ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്.
നഗരസഭാ ചെയർമാൻ എൻ. കെ. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ എം. ഷമീർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. എച്ച് സലാം, എം. ബി രാജലക്ഷ്മി, എ. എ മഹേന്ദ്രൻ, സഫൂറ ബക്കർ, എ. സി ആനന്ദൻ, പ്രീജ ദേവദാസ് എന്നിവർ പങ്കെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് സ്വാഗതവും ടോണി നന്ദിയും പറഞ്ഞു.
- Log in to post comments