ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്: ലൈഫ് ഗുണഭോക്തൃ സംഗമം ജനുവരി 16 ന്
ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണം പൂർത്തീകരിച്ച 600 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടത്തുന്നു. നാളെ (ജനുവരി 16) രാവിലെ 10.30ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ കുടുംബ സംഗമം ടി. എൻ പ്രതാപൻ എം.പിയും അദാലത്ത് കെ. വി അബ്ദുൾഖാദർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
ഭൂരഹിത ഭവനരഹിതർക്ക് സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നതിന് സുരക്ഷിതവും മാന്യവുമായ വീടുകൾ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള സർക്കാർ ലൈഫ് മിഷൻ നടപ്പാക്കിവരുന്നത്. സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനാണ് കുടുംബസംഗമത്തോടൊപ്പം അദാലത്തും സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി ചടങ്ങിൽ അധ്യക്ഷനാവും. തുടർന്ന് ബ്ലോക്ക് സെക്രട്ടറി കെ. എം വിനീത് റിപ്പോർട്ട് വായിക്കും.
ചാവക്കാട് ബ്ലോക്കിന് കീഴിൽ വരുന്ന കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സാമൂഹികനീതി, കൃഷി, ശുചിത്വമിഷൻ, വനിതാ ശിശു വികസനം തുടങ്ങി പതിനെട്ടോളം വകുപ്പുകളുടെ സേവനവും 16 ന് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും.
- Log in to post comments