മാള ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും നടന്നു
മാള ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കുടുംബ സംഗമം അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മാള, അന്നമനട, കുഴൂർ, ആളൂർ, പൊയ്യ പഞ്ചായത്തുകളിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി 257 വീടുകളാണ് നിർമിച്ച് നൽകിയത്. ആദ്യഘട്ടത്തിൽ എസ്സി വിഭാഗങ്ങൾക്കുള്ള 26 വീടുകൾ ഉൾപ്പെടെ 119 വീടുകളും രണ്ടാം ഘട്ടത്തിൽ 138 വീടുകളുമാണ് പൂർത്തീകരിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 19 പേരുടെ വീടുകൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
പദ്ധതി വഴി പൂർത്തീകരിച്ച വീടുകളിലെ കുടുംബാംഗങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട രേഖകൾ ലഭ്യമാക്കുന്നതിനാണ് അദാലത്ത് നടത്തിയത്. റവന്യൂ, സിവിൽ സപ്ലൈസ്, ശുചിത്വ മിഷൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്, ക്ഷീര വികസന വകുപ്പ് എന്നിങ്ങനെ 20 വകുപ്പുകളാണ് അദാലത്തിൽ പങ്കെടുത്തത്. ലൈഫ് ഗുണഭോക്താക്കൾക്ക് മാത്രമായാണ് അദാലത്ത് നടത്തിയത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി പ്രതിനിധികളായ പി സി ഷണ്മുഖൻ, ഷീബ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജി ജോണി, ഇന്ദിര ദിവാകരൻ, ജയ ചന്ദ്രൻ, വർഗീസ് കാച്ചപ്പിള്ളി, എം ബി സുരേഷ്, മാള ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ബാബു, ലൈഫ് മിഷൻ കോ ഓർഡിനേറ്റർ ലിൻസ് ഡേവിസ്, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ടി ജെ ശുഭ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments