റേഷൻകടകളിൽ വിതരണം നടത്തുന്നത് ഗുണമേന്മയുള്ള ഭക്ഷ്യധാന്യം
തൃശൂർ താലൂക്കിൽ റേഷൻ കടകളിലൂടെ വിതരണം നടത്തുന്നത് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങളാണെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കസ്റ്റം മിൽഡ് റൈസ് മില്ലുകളിൽ നിന്നും ക്വാളിറ്റി കൺട്രോളർമാർ പരിശോധിച്ച ശേഷമാണ് ധാന്യങ്ങൾ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റ് ഗോഡൗണിൽ ഇറക്കുന്നത്. എന്നാൽ ചില ലോഡുകളിൽ ചെള്ള്, പ്രാണികൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ഗോഡൗണുകളിൽ ഇറക്കാതെ തന്നെ തിരിച്ചയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന റേഷൻ അരിയിൽ ചെള്ള് എന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും അധികൃതർ അറിയിച്ചു. വാർത്തയിൽ പറയുന്ന എആർഡി-354 കട കഴിഞ്ഞ ദിവസം തൃശൂർ താലൂക്ക് സപ്ലൈ ഓഫീസർ പരിശോധിച്ചിരുന്നു. ഇവിടെ നവംബർ മാസം എൻഎഫ്എസ്എ ഗോഡൗണിൽ നിന്നും വിതരണം ചെയ്ത സ്റ്റോക്കിൽ ബാക്കിയുണ്ടായിരുന്ന രണ്ടു ചാക്കുകളിലാണ് നാമമാത്രമായ രീതിയിൽ ചെള്ള് കണ്ടത്. ഏകദേശം രണ്ടര മാസത്തോളം ലൈസെൻസി കടയിൽ സൂക്ഷിച്ച് കേടുവരുത്തിയ അരി മനഃപൂർവം കാർഡുടമകൾക്ക് നൽകി പരാതിയാക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കാതെ പത്രങ്ങളിൽ വാർത്തയാക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണെന്നും സപ്ലൈകോ അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ആവശ്യമെങ്കിൽ ക്വാളിറ്റി അനലൈസറുടെ നിർദേശാനുസരണം ഫ്യൂമിഗേഷൻ നടത്തിയാണ് റേഷൻ കടകളിലേക്ക് വിതരണം നടത്തുന്നത്. തൃശൂർ താലൂക്കിലെ 293 റേഷൻ വ്യാപരികളിൽ മൂന്നോ നാലോ ലൈസെൻസികളാണ് സ്ഥിരമായി ഇത്തരം വാർത്തകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ബന്ധപ്പെട്ട അധികൃതർ വാർത്താകുറിപ്പിൽ ആരോപിച്ചു. എൻഎഫ്എസ്എ ഗോഡൗണുകളിൽ നിന്ന് വിതരണം നടത്തിയതിന് ശേഷം അടുത്ത ദിവസം തന്നെ ലൈസെൻസികൾ അറിയിക്കുന്ന പരാതികളിൽ സപ്ലൈക്കോ ആവശ്യമായ പരിഹാര നടപടികൾ എടുത്തുവരുന്നുണ്ടെന്നും സപ്ലൈകോ തൃശൂർ ഡിപ്പോ മാനേജർ വ്യക്തമാക്കി.
- Log in to post comments