വ്യവസായ വികസനത്തിന് വഴികാട്ടിയായി കൊരട്ടി കിൻഫ്ര
വ്യവസായ വികസനത്തിന് വഴികാട്ടിയായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് കൊരട്ടിയിലെ കിൻഫ്ര പാർക്ക്. പുതിയ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ ബഹുനില കെട്ടിടം കിൻഫ്രയിൽ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. 11.50 കോടി ചെലവഴിച്ചാണ് വ്യവസായ കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചിരിക്കുന്നത്. വരും കാലങ്ങളിൽ വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പുതിയ തുടക്കത്തിലൂടെ സാധിക്കും. 70,000 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഏഴ് യൂണിറ്റുകളാണ് പ്രവർത്തനം തുടങ്ങുക. 300 പേർക്ക് നേരിട്ടും 1000 പേർക്ക് നേരിട്ടല്ലാതെയും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വരുന്നതിലൂടെ തൊഴിൽ ലഭിക്കും. സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് 10 കോടി രൂപ ചെലവ് വരുന്ന സൂഷ്മ ചെറുകിട ഇടത്തരം വ്യവസായം ( എം എസ് എം ഇ ) തുടങ്ങാനുമുള്ള തയ്യാറെടുപ്പിലാണ് കിൻഫ്ര. നിലവിൽ പ്രവർത്തിക്കുന്ന വ്യവസായ യൂണിറ്റുകൾക്കായി മാലിന്യ സംസ്‌ക്കരണ യൂണിറ്റും ആരംഭിക്കും.
സംസ്ഥാന സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിൽ 1993 ൽ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായി രൂപീകൃതമായതാണ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര). കേരളത്തിന്റെ വ്യവസായ വികസിനത്തിന് കിൻഫ്ര വളരെ നിർണായകമായ പങ്കാണ് വഹിക്കുന്നത്. വ്യവസായികൾക്ക് സംതൃപ്തി നൽകുന്ന തരത്തിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുളള വ്യവസായ പാർക്കുകൾ അന്താരാഷ്ട്ര നിലവാരത്തോടെ സജ്ജമാക്കുന്ന സ്ഥാപനമെന്ന നിലയിൽ സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തിൽ കിൻഫ്രയുടെ സ്ഥാനം മുൻപന്തിയിലാണ്.
അനുയോജ്യമായ ഭൂമി കണ്ടെത്തി വൈദ്യുതി, ജലം, റോഡ്, വാർത്താവിനിമയം തുടങ്ങി ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന കർത്തവ്യം കിൻഫ്ര ഭംഗിയായി നിർവ്വഹിച്ചുവരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പാരിസ്ഥിതിക സന്തുലനം നിലനിർത്തി ഹരിത പരിസരം പ്രദാനം ചെയ്യുന്ന വ്യവസായ പാർക്കുകൾ വികസിപ്പിക്കുവാനാണ് കിൻഫ്ര ഊന്നൽ കൊടുക്കുന്നത്. വിശാലമായ മഴവെള്ള സംഭരണി കിൻഫ്ര പാർക്കുകളുടെ മാത്രം സവിശേഷതയാണ്.
കഴിഞ്ഞ 26 വർഷങ്ങളിലായി കേരളത്തിൽ 24 വ്യവസായ പാർക്കുകൾ കിൻഫ്ര സ്ഥാപിച്ചിട്ടുണ്ട്. കൊരട്ടിയിൽ 30 ഏക്കറിലായി കിൻഫ്ര സ്ഥാപിച്ച വ്യവസായ പാർക്കിൽ നാൽപ്പത്തിയേഴോളം വ്യത്യസ്തങ്ങളായ വ്യവസായ സ്ഥാപനങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. കിൻഫ്ര വ്യവസായ പാർക്കിന്റെ മുൻപിലായി പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയങ്ങളിലായി 37863 ചതുരശ്ര അടിയിൽ നാലു നിലകളിലായി 12 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
വ്യവസായികൾക്ക് ആവശ്യമുള്ള സ്റ്റാറ്റിയൂട്ടറി ക്ലിയറൻസ് വേഗത്തിൽ ലഭിക്കുന്നതിന് ഏകജാലക ക്ലിയറൻസ് ബോർഡ് സംവിധാനം കാര്യക്ഷമമായി ഈ പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 1200 പേർ ജോലി ചെയ്യുന്ന വ്യവസായ പാർക്കിൽ 1961 ലക്ഷം രൂപയുടെ നിക്ഷേപമാണ് നാളിതുവരെ ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ വേറിട്ടൊരധ്യായം എഴുതിച്ചേർക്കുകയാണ് കിൻഫ്ര.
- Log in to post comments