മാവേലിക്കര നഗരസഭ പരിധിയിലെ ലൈഫ് മിഷന്‍ കുടുംബ സംഗമം നടത്തി
ആലപ്പുഴ: എല്ലാവര്‍ക്കും വീടെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനായെന്ന് ആര്‍. രാജേഷ് എംഎല്‍എ പറഞ്ഞു. മാവേലിക്കര നഗരസഭ പരിധിയിലെ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ വീട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ മുടങ്ങിപ്പോയവര്‍ക്കും സ്ഥലമുണ്ടായിട്ടും സ്വന്തമായൊരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കും സ്വന്തമായി സ്ഥലം ഇല്ലാത്തവര്‍ക്കും വീടെന്ന സ്വപ്നം ലൈഫ് മിഷനിലുടെ പൂര്‍ത്തിയാവുകയാണ്. സര്‍ക്കാരിന്റെ ജനകീയ പദ്ധതികളില്‍ മികച്ചതാണിതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി 189 വീടുകളാണ് മാവേലിക്കര നഗരസഭയില്‍ കരാറായത്. ഇതില്‍ 110 വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കി.
പതിനെട്ടോളം വകുപ്പുകളുടെ സേവനം ഗുണഭോക്താക്കള്‍ക്കായി അദാലത്തില്‍ ഒരുക്കിയിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്റ്റാളില്‍ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനുള്ള സഹായം, പേര് ചേര്‍ക്കാനുള്ള സഹായം, ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പരിശോധന, അക്ഷയയിലൂടെ ആധാര്‍കാര്‍ഡ് എടുക്കാനും തെറ്റുതിരുത്താനുമുള്ള സേവനം, കൃഷി വകുപ്പിന്റെ സ്റ്റാളില്‍ ഗുണഭോക്താക്കള്‍ക്ക് സൗജന്യ പച്ചക്കറി തൈ വിതരണം, തുടങ്ങിയ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. വിവിധ വകുപ്പുകളിലായി ലഭിച്ച 271 അപേക്ഷകളില്‍ 184 അപേക്ഷകള്‍ക്ക് പരിഹാരം കാണുകയും ശേഷിക്കുന്നവയില്‍ തുടര്‍ നടപടികളും സ്വീകരിച്ചു.
മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ മഹേന്ദ്രന്‍, വിവിധ കമ്മിറ്റികളുടെ അധ്യക്ഷന്മാരായ സതി കോമളന്‍, വിജയമ്മ ഉണ്ണികൃഷ്ണന്‍, നവീന്‍ മാത്യു ഡേവിഡ്, ജയശ്രീ അജയകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments